നിവിൻ സൂക്ഷിക്കണം: വിക്രം

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളെല്ലാം ഒത്തുചേർന്ന വേദിയായിരുന്നു അറുപത്തിമൂന്നാമത് ഫിലിംഫെയർ പുരസ്കാരനിശ. മലയാളത്തിൽ നിന്നും മമ്മൂട്ടി, ജയസൂര്യ, നിവിൻ പോളി തുടങ്ങിയ താരങ്ങൾ അവാർഡിന് എത്തിയിരുന്നു.

മലയാളത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ പാര്‍വതിക്ക് പുരസ്കാരം നൽകാൻ എത്തിയത് നിവിൻ പോളിയായിരുന്നു. തമിഴിൽ ഐ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രം മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി.

ചടങ്ങിനിടെ നിവിനെ കണ്ടപ്പോൾ വിക്രം പരിചയം പുതുക്കാൻ എത്തി. തമിഴിലെ നിവിന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് വിക്രം സംസാരിക്കുകയുണ്ടായി. പുതിയ തമിഴ് ചിത്രത്തിന്റെ ട്രെയിലർ കണ്ടെന്നും വിക്രം നിവിനോട് പറഞ്ഞു.

എന്നാൽ നിവിന് ഒന്നും പിടികിട്ടിയില്ല. തമിഴിൽ പുതിയ സിനിമയൊന്നും റിലീസ് ആകാൻ ഇല്ലെന്നും പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതേയുള്ളൂ എന്നും നിവിന്‍ പറഞ്ഞു. അപ്പോൾ വിക്രത്തിനും ആകെ സംശയം. താങ്കളുടെ പുതിയ തമിഴ് സിനിമ എന്ന പേരില്‍ ഒരു ട്രെയിലര്‍ പ്രചരിക്കുന്നുണ്ടെന്നും, സൂക്ഷിക്കണം എന്നും വിക്രം നിവിനോട് പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ കരിയറിനെ ബാധിച്ചേക്കാം എന്നൊരു മുന്നറിയിപ്പും നിവിന് വിക്രം നല്‍കി.

എന്നാൽ നിവിന്റെ പുതിയ തമിഴ് ചിത്രമെന്ന പേരിൽ വിക്രം കണ്ട ട്രെയിലർ സത്യം തന്നെയായിരുന്നു. കാർത്തിക് സുബ്ബരാജിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങിയ അവിയൽ എന്ന സിനിമയുടെ ട്രെയിലറാണ് വിക്രം കാണാനിടയായത്. അതില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത എലി എന്ന ഹ്രസ്വ ചിത്രത്തില്‍ നിവിന്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച ഹ്രസ്വചിത്രം ഈ സിനിമയിലും ഉൾപ്പെടുത്തുകയായിരുന്നു. രണ്ടുപേരും ഇക്കാര്യം ഓര്‍ത്തുമില്ല.