ആദ്യം പരീക്ഷ, പിന്നെ മതി സിനിമ: വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ–നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജേക്കബിന്റെ സ്വർഗരാജ്യം തിയറ്ററുകളിലെത്തിക്കഴിഞ്ഞു. വേനലവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും യുവാക്കളെയുമാണ് ചിത്രം പൂർണമായും ലക്ഷ്യംവെയ്ക്കുന്നത്.

സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വിനീത് പ്രേക്ഷകർക്കായി ഒരു കത്ത് എഴുതിയിരുന്നു. സന്തുഷ്ടമായ മനസ്സോടെ ഏവരും തിയറ്ററിലേക്ക് വരുകയെന്നായിരുന്നു വിനീത് കത്തിലൂടെ പങ്കുവച്ചത്. ഒരുപാട് ആളുകൾ വിനീതിന് ആശംസകളും നേർന്നു. കത്തിന് താഴെ കണ്ട ഒരു കമന്റ് വിനീത് ശ്രദ്ധിക്കാനിടയായി.

ഒരു വിദ്യാർഥിയുടെ കമന്റാണ് വിനീതിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഷോ ബുക്ക് ചെയ്തെന്നും തനിക്ക് ഇന്ന് പരീക്ഷ ഉണ്ടെന്നും കുട്ടി എഴുതിയിരിക്കുന്നു. എന്നാൽ ആദ്യദിവസം തന്നെ ഈ ചിത്രം കാണുന്നത് വിനീതേട്ടനോടുള്ള സ്നേഹം കൊണ്ടാണെന്നും കുട്ടി പറയുന്നു.

എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും ആദ്യം പരീക്ഷയ്ക്കു വേണ്ടി നല്ല പോലെ പഠിക്കുക പിന്നെ മതി സിനിമയെന്നും വിനീത് കുട്ടിയ്ക്ക് മറുപടി എഴുതി. ഇതെന്റെ അപേക്ഷയായി കാണണമെന്നും വിനീത് കൂട്ടിച്ചേർത്തു.