ബൈജു കലക്കി ബിജു; റിവ്യു

"ഈ കേരളത്തിന്റെ ഹരിതാഭയും ഈ പച്ചപ്പും ഈ ഊഷ്മളതയും ഇതൊക്കെ വേറെ എവിടേലും കിട്ടുമോ ടോമിച്ചാ" മത്തായി ഡോക്ടറിന്റെ ഈ ഡയലോഗുപോലെ മലയാള സിനിമകൾക്ക് നഷ്ടപ്പെടുന്ന ഗ്രാമീണതയും പച്ചപ്പും മലയാളിത്തവുമൊക്കെ ഇഷ്ടം പോലെ നിറഞ്ഞ മനോഹരസിനിമാണ് രക്ഷാധികാരി ബൈജു.

കുമ്പളം ഗ്രാമത്തിലെ ഓൾ ഇൻ ഓൾ ബൈജു ആണ് കഥാനായകൻ. നാട്ടുകാരുടെയും കുട്ടികളുടെയുമൊക്കെ രക്ഷാധികാരി. ഇറിഗേഷൻ വകുപ്പിലാണ് ജോലിയെങ്കിലും കക്ഷി ഫുൾ ടൈം ഗ്രാമത്തിലാണ്. ക്രിക്കറ്റ് ടൂർണമെന്റും ക്ലബ് ആഘോഷവുമൊക്കെയായി നിന്നു തിരിയാൻ സമയമില്ല.

ബൈജുവിന് എട്ടുവയസുള്ളപ്പോൾ കൂട്ടുകാരൊക്കെ കൂടി തുടങ്ങിയ ഒരു ക്ലബുണ്ട്. കുമ്പളം ബ്രദേഴ്സ് ക്ലബ്. ഈ ക്ലബ് ചിലരുടെയൊക്കെ സ്വപ്നവും പ്രതീക്ഷയും ചിലർക്ക് ജീവിതവുമാണ്. ഇവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളുെടയും പരിഭവങ്ങളുടെയുമൊക്കെ സത്യസന്ധമായ നേർക്കാഴ്ചയാണ് ചിത്രം പറയുന്നത്.

ഇന്നത്തെ തലമുറ, വിനോദം കംപ്യൂട്ടറിലും മൊബൈൽ ഫോണിലും ഒതുക്കുമ്പോൾ അവർക്ക് നഷ്ടപ്പെട്ട് പോകുന്ന ഒരു കുട്ടിക്കാലത്തെ രണ്ടരമണിക്കൂറിലൂടെ കാഴ്ചയുടെ നവ്യാനുഭൂതിയാക്കി മാറ്റുകയാണ് സംവിധായകൻ. മടക്കലബാറ്റും ഓലപ്പന്തും കുട്ടിയും കോലുമൊക്കെ കളിച്ച് നടന്ന പ്രായത്തിലേക്കൊരു കുതിച്ചുചാട്ടമാകും യുവാക്കൾക്ക് ഈ സിനിമ. അങ്ങനെ പ്രായഭേദമന്യേ എല്ലാ തലമുറയ്ക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന കൊച്ച് ചിത്രം.

ഗ്രാമത്തിന്റെ കൊച്ചു ജീവിതങ്ങളിലേക്കും കൂട്ടായ്മയിലേക്കും, മാറുന്ന കാലത്തിന്റെ അടയാളങ്ങൾ കടന്നുവരുമ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം തേടൽ കൂടിയാണ് ഈ സിനിമ. ശുദ്ധമായ നർമം പറയുന്ന ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയെത്തുമ്പോൾ ചിത്രം മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യുന്നു. കൃത്യമായി പറഞ്ഞുപോകുന്ന പ്രമേയമോ കഥാഗതിയോ ചിത്രത്തിനില്ല. ബൈജുവിന്റെ ജീവിതവുമായി കോർത്തിണക്കിയ രസച്ചുവടിലാണ് സിനിമയുടെ കഥ നീങ്ങുന്നത്. ഈ ജീവിതയാത്രയിൽ നമ്മൾ കണ്ടുപോയതും പരിചയപ്പെട്ടിട്ടുള്ളതുമായ ആളുകളെയും ജീവിതസാഹചര്യങ്ങളെയും ഈ സിനിമയിലൂടെ നിങ്ങൾ അനുഭവിക്കാൻ കഴിയും. 

സ്വാഭാവികമായ അഭിനയപ്രകടനവും ലളിതമായ ആവിഷ്കാരരീതിയുമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ബിജു മേനോന്റെ ഒറ്റയാൾ പ്രകടനമാണ് പ്രേക്ഷകനെ കൈയില്ലെടുക്കുന്ന ഈ സിനിമയിലെ മാജിക്. അച്ഛനായും മകനായും സുഹൃത്തായും ബിജു മേനോൻ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പുതുമുഖങ്ങളായി എത്തിയ താരങ്ങളും പ്രതിഭകൾ തന്നെ. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ പുലർത്തിയ സൂക്ഷമത ചിത്രത്തിൽ നന്നേ പ്രകടമാണ്. സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും അവരുടെ വേഷം അതിഗംഭീരമാക്കി. അജു വർഗീസ്, ദീപക്, ഹരീഷ്, വിജയരാഘവൻ, ജനാർദനൻ, ഇന്ദ്രൻസ്, പത്മരാജ്, ദിലീഷ് പോത്തൻ, അലൻസിയർ, ചേതൻലാൽ, നബീഷ്, അനഘ, അഞ്ജലി, ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

രഞ്ജൻ പ്രമോദിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ്‌ രക്ഷാധികാരി ബൈജു ഒപ്പ്‌. രഞ്ജൻ പ്രമോദിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ.‌‌ ശുദ്ധമായ നർമവും ഉള്ളിൽ തട്ടുന്ന സംഭാഷണങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുടെ അകമ്പടികളില്ലാതെ സിനിമയെ സത്യസന്ധമായി ആവിഷ്കരിക്കാൻ സംവിധായകൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം.

മലയാളസിനിമയില്‍ ഏറ്റവും നന്നായി സിങ്ക്സൗണ്ട് ഉപയോഗിച്ചിരിക്കുന്ന ചിത്രം കൂടിയാണ്. സ്മിജിത് കുമാർ ആണ് സിങ്ക്സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത്.

നാടൻ സംഗീതവുമായി ബിജിബാൽ ചിത്രത്തോട് പൂർണമായും നീതിപുലർത്തി. ഗ്രാമീണാന്തരീക്ഷത്തിലെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഗാനങ്ങളെല്ലാം അതിമനോഹരം. ഗ്രാമാന്തരീക്ഷത്തിന്റെ പച്ചപ്പും കുളിർമയും കൃത്യമായി ആവിഷ്കരിക്കാന്‍ ഛായാഗ്രാഹകൻ പ്രശാന്ത്‌ രവീന്ദ്രനും സാധിച്ചു. സംജിത്ത്‌ മുഹമ്മദ് ആണ് ചിത്രസംയോജനം.

സങ്കീർണമായ ആഖ്യാനശൈലിയോ ട്വിസ്റ്റ് നിറഞ്ഞ ഇടവേളയോ അല്ല സിനിമയെ വ്യത്യസ്തമാക്കുന്നത്. ‘തനിനാട്ടിൻപുറത്തുകാരൻ’ എന്നു പറയുന്നതുപോലെ ‘തനിനാടൻസിനിമ’യെന്ന വിശേഷണമാണ് ഈ ചിത്രത്തിന് യോജിക്കുക. ഈ അവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ന്യൂജെന്നും ഒരുപോലെ മനസ്സുതുറന്ന് ചിരിച്ച് ആസ്വദിക്കാവുന്ന ചിത്രമാണ് രക്ഷാധികാരി ബൈജു.

വാൽക്കഷ്ണം: ‘നിരാശ ഇല്ലാത്ത പ്രതീക്ഷയാണ് സ്പോർട്സ്മാൻ സ്പിരിറ്റ്’