ഒരു തൃശ്ശൂരിയൻ 'ചിരി' ക്ലിപ്തം; റിവ്യു

അടുത്തിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെ പോലെ പ്രേക്ഷകനെ നിരാശനാക്കാത്ത സിനിമയാണ് തൃശിവപേരൂർ ക്ലിപ്തം. ചിരിയും ചിന്തയും ഒക്കെ ചേരുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും. 

ലോഹിതദാസ്, ജീത്തു ജോസഫ്, രഞ്ജിത് ശങ്കർ, ലിജോ ജോസ് പെല്ലിശേരി, കമൽ എന്നിവരുടെ അസോഷ്യേറ്റായി പ്രവർത്തിച്ച സിനിമാപരിചയം ഉള്ളതുകൊണ്ട് തന്നെ, പുതു സംവിധായകനെന്ന ഫീൽ ചിത്രത്തിൽ ഉണ്ടായില്ല എന്നത് തന്നെയാണ് സംവിധായകൻ എന്ന രീതിയിൽ രതീഷ് കുമാറിന്റെ വിജയം. സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും ഇൻട്രോയും ഈ കഥാപാത്ര പരിചയപ്പെടുത്തലും അവരുടെ പ്രവർത്തികളും ഉൾക്കൊള്ളുന്നതാണ് ആദ്യഭാഗം. തനി തൃശൂർക്കാരുടെ തനിമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള ആദ്യഭാഗം നർമ്മം നിറഞ്ഞതുമായി.

സിനിമയിൽ പറയുന്നത് പോലെ നായകനാകാൻ യാതൊരു കഴിവുകളുമില്ലാത്ത കഥാപാത്രമാണ് ഗിരിജാ വല്ലഭൻ. പാരയായ ഒരു അമ്മാവനും തന്റെ സ്വഭാവത്തിന് ഇണങ്ങിയ കുറേ കൂട്ടുകാരും പരമ്പരാഗത സ്വത്തായി കിട്ടിയ (എന്നാൽ അതിലെ ആദായ അനുഭവിക്കാൻ പ്രയാസപ്പെടുന്ന) കുറച്ച് പുരയിടവുമാണ് ഗിരിജാ വല്ലഭനായി എത്തിയ ആസിഫ് അലിയുടെ സ്വത്ത്. ഗിരിജാ വല്ലഭന്റെ മാനറിസങ്ങളെ കൃത്യമായി പകർത്താൻ അദ്ദേഹത്തിന് സാധിച്ചു. ആസിഫിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണിത്.

തന്റേടിയായ ഓട്ടോ ഡ്രൈവർ ഭഗീരഥി എന്ന വേഷമാണ് അപർണ ബാലമുരളി ചെയ്തിരിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ വിൽക്കാൻ പറ്റുന്നത് പെണ്ണിന്റെ മാനം ആണെന്നും അതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്നും വിശ്വസിക്കുന്ന തന്റേടി. ആൺ–പെൺ വ്യത്യാസമില്ലാതെ തെറി പറയുന്നവൾ തല്ലുകൊടുക്കുന്നവൾ. സംഘട്ടന രംഗത്തിലൂടെ പരിചയപ്പെടുത്തിയ ഭഗീരഥി എന്ന കഥാപാത്രം അപർണ ഗംഭീരമാക്കി.

ഡേവിഡ് പോളിയായി ചെമ്പൻ വിനോദും, ജോയി ചെമ്പാടനായി ബാബുരാജും, അബിയും തന്റെ വേഷങ്ങൾ നന്നാക്കി. ഇവർ തമ്മിൽ സ്കൂൾ കാലം മുതൽ തുടങ്ങിയ ശത്രുതയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചെറിയ വേഷത്തിലെത്തിയ രചനാ നാരായണൻ കുട്ടി ആളുകളെ രസിപ്പിച്ചു. പണവും പെണ്ണുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. വിവാഹം കഴിക്കാനായി പെണ്ണു തേടി നടക്കുന്നവർ, പെണ്ണ് കെട്ടിയിട്ട് കൂടെ താമസിക്കാൻ കഴിയാത്തവർ, പ്രണയ നഷ്ടം കാരണം പെണ്ണ് കെട്ടാത്തവർ, പെണ്ണു പിടിക്കാൻ നടക്കുന്നവർ, പെണ്ണിനെ കച്ചവടം ചെയ്യുന്നവർ അങ്ങനെ എല്ലാം ചിത്രത്തിൽ രസകരമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ്ഖാനും ഷലീൽ അസീസും ചേർന്നാണ് ചിത്രം നിർവഹിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവും മികച്ചതായി. കുട്ടിക്കാലം മുതൽക്കേയുള്ള പക. വലുതായി അവർ പല തൊഴിലുകളിൽ ഏർപ്പെട്ടതിന് ശേഷവും വച്ചു പുലർത്തുന്നത് രസകരമായി അവതരിപ്പിക്കാൻ തിരക്കഥാകൃത്ത് പി എസ് റഫീക്ക് ശ്രമിച്ചിട്ടുണ്ട്.ഷമീർ മുഹമ്മദാണ് ചിത്രസംയോജനം. റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടേതാണ് വരികൾ. 

വലിയ ബുദ്ധിചിന്തകൾക്കൊന്നുമിടം കൊടുക്കാതെ ചിരിച്ചു രസിക്കാൻ കാണാൻ പറ്റിയ ഒരു തൃശ്ശൂരിയൻ ആസിഫ് അലി ചിത്രമാണ് തൃശ്ശിവപേരൂർ ക്ലിപ്തം.