ഇടിക്കുളയുടെ വെളിപാടുകൾ ; റിവ്യു

ലാൽ ജോസ്–മോഹൻലാല്‍ എന്ന സ്വപ്നകൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം. അതാണ് വെളിപാടിന്റെ പുസ്തകത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകളും അധികമായിരുന്നു. 

കടലോരപ്രദേശമായ ആഴി പൂന്തുറയിലെ ഒരു കോളജ് ആണ് കഥാപശ്ചാത്തലം. വൈസ്പ്രിൻസിപ്പലായ പ്രേംരാജിന്റെ ചില സ്വഭാവദൂഷ്യങ്ങൾ കാരണം അതേ സ്ഥാനത്തേക്ക് പകരക്കാരനായി എത്തുന്ന ആളാണ് പ്രൊഫസർ മൈക്കിൾ ഇടിക്കുള. ശാന്തസ്വഭാവക്കാരനായ ഇടിക്കുള വളരെ പെട്ടന്ന് തന്നെ കുട്ടികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവനായി മാറുന്നു. അങ്ങനെ കോളജിന്റെ കുറച്ച് സാമ്പത്തിക ആവശ്യങ്ങൾക്കായി ഇടിക്കുളയുടെ നേതൃത്വത്തിൽ കുട്ടികളെല്ലാം ചേർന്ന് ഒരു സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഒരുമുഴുനീള സിനിമ.

ആ സിനിമയുടെ കഥ തേടിയുള്ള സഞ്ചാരത്തിൽ പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളും ഇടിക്കുളയ്ക്കുണ്ടാകുന്ന ചില വെളിപാടുകളുമാണ് സിനിമയുടെ പ്രമേയം. ലളിതമായ കഥപറച്ചിലിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നതെങ്കിലും ശക്തമായൊരു തിരക്കഥയുടെ അഭാവം സിനിമയിൽ ഉടനീളം പ്രകടമാണ്. ആദ്യ പകുതിയും ഇടവേളയ്ക്ക് മുമ്പുള്ള കുറച്ച് നിമിഷങ്ങളും പ്രേക്ഷകരിൽ ആവേശം വിതക്കുമെങ്കിലും രണ്ടാം പകുതി പ്രതീക്ഷയ്ക്കൊത്തുയരുന്നതല്ല.

യുവാക്കളെയും കുടുംബത്തെയും ആകർഷിക്കുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആരാധകർക്കായി ഇഷ്ടംപോലെ ആക്​ഷനും പാട്ടും ചിത്രത്തിലുണ്ട്. പക്ഷേ മോഹൻലാൽ എന്ന നടനെ പൂർണമായും ഉപയോഗിക്കാൻ ലാൽ‌ജോസിന് സാധിച്ചോ എന്നു സംശയം. 

ഛോട്ടാമുംബൈക്ക്‌ ശേഷം ബെന്നി പി നായരമ്പലം മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കിയ ചിത്രമാണിത്‌. രണ്ട് മണിക്കൂർ 37 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.  സിനിമയ്ക്കുള്ളിലെ സിനിമ എന്ന വ്യത്യസ്തമായ സമീപനം അഭിനന്ദനാർഹം. കൂടാതെ ഇന്നത്തെ യുവതലമുറയുടെ രീതിയും അവർ കോളജിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായി ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. പക്ഷേ ചെറിയൊരു കഥാതന്തുവിനെ വലിയ ക്യാൻവാസിൽ അവതരിപ്പിക്കുമ്പോളുണ്ടാകുന്ന പരിമിതികൾ ഇൗ സിനിമയ്ക്കുമുണ്ട്. 

മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടി. ഗെറ്റപ്പ് ചെയ്ഞ്ച് മാത്രമല്ല ഇടയ്ക്ക് പരകായപ്രവേശനമായി പോലും തോന്നും. വികാരരംഗങ്ങളിലും ആക്​ഷന്‍ രംഗങ്ങളിലുമുള്ള വൈഭവം എടുത്തുപറയേണ്ടതാണ്. 

ഹാസ്യരംഗങ്ങളിൽ മികച്ചുനിന്നത് പ്രേംരാജിനെ അവതരിപ്പിച്ച സലിം കുമാർ ആണ്. കോമഡി നമ്പറുകളുടെയും ടൈമിങിന്റെയും കാര്യത്തിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിക്കുന്നു. ലിച്ചിയായി വന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ അന്ന രേഷ്മ, മേരി എന്ന അധ്യാപികയായി എത്തുന്നു. അപ്പാനി രവിയുടെ(ശരത്‌ കുമാർ) ഫ്രാങ്ക്ളിൻ എന്ന കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ജൂഡ് ആന്റണി, ചെമ്പൻ വിനോദ്, പ്രിയങ്ക, അലൻസിയർ, സിദ്ദിഖ്, ശിവജി ഗുരുവായൂർ, അരുൺ കുര്യൻ എന്നിവരാണ് മറ്റുതാരങ്ങൾ

വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ ചിത്രസംയോജനവും സിനിമയോട് നീതിപുലർത്തി. ഷാൻ റഹ്മാന്റേതാണ് സംഗീതവും പശ്ചാത്തലസംഗീതവും. രണ്ടും സിനിമയ്ക്കു യോജിച്ചതായി. 

പ്രതീക്ഷകൾക്കൊത്തുയരുന്നതല്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാലിന്റെ മികച്ച പ്രകടനവും നിലവാരമുള്ള ഹാസ്യരംഗങ്ങളും ചേരുന്ന ചിത്രം ഉത്സവകാലത്ത് കുടുംബത്തോടൊപ്പം പോയി കണ്ട് ആസ്വദിക്കാവുന്ന ഒന്നാണ്.