ഈട; ചോരച്ചൂടുള്ള കണ്ണൂരിന്റെ പ്രണയകഥ

ഇതാ, ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ ! ‘ഈട’യിലെ ഐശ്വര്യയെയും ആനന്ദിനെയും കാണികളെ ഏൽപ്പിക്കുമ്പോൾ ബി.അജിത്കുമാർ എന്ന ‘നവാഗത’ സംവിധായകൻ മനസ്സിലിങ്ങനെ പറഞ്ഞിട്ടുണ്ടാകണം. പ്രണയവും രാഷ്ട്രീയവും മനുഷ്യരുടെ അതിജീവനവും പറയുന്ന ഈട, കണ്ണൂർ എന്ന രാഷ്ട്രീയ ഭൂമികയുടെ ഉള്ളറകളിലെ പൊള്ളുന്ന യാഥാർഥ്യങ്ങളെ അടയാളപ്പെടുത്തുന്നു. മികച്ച എഡിറ്റർക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ അജിത്കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. വടക്കൻ കേരളത്തിൽ ഇവിടെ എന്ന് പറയാൻ ഉപയോഗിക്കുന്ന വാക്കാണ് ഈട. അതെ, അങ്ങകലെയുള്ളതല്ല, ഈടത്തെ തന്നെ പലരും പറയാൻ മടിച്ച കഥ.

കേരളത്തിൽ ഇടതുപക്ഷം വേരുറപ്പിച്ച മണ്ണാണ് കണ്ണൂർ. മനോഹരമായ നാട്, അതിലേറെ സ്നേഹമുള്ള മനുഷ്യർ. പക്ഷെ, ഒട്ടേറെക്കാലമായി കണ്ണൂരിന്റെ ചിത്രം ചോരയുടെതാണ്. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് മനുഷ്യർ പരസ്പരം വെട്ടിയും കുത്തിയും ചോര ചീന്തി കൊല്ലപ്പെടുന്ന നാട്. ചോരയ്ക്കു ചോര, തലയ്ക്കു തല എന്ന ആപ്തവാക്യത്തിൽ ജീവിതം നെയ്യുന്നവർ. മനുഷ്യരെ ഹൃദയത്തിൽതൊട്ട് സ്നേഹിക്കുന്ന നാട്ടുകാർക്ക് എങ്ങനെയാണ് ഇത്രയും ക്രൂരരായ കൊലപാതകികളാകാൻ സാധിക്കുന്നത്? ആ ചോരയുടെ ആത്മാവ് തേടിയുള്ള അന്വേഷണമാണ് ഈട.

ഒരു ഹർത്താലിൽ തുടങ്ങി, പല ഹർത്താലിലൂടെ വികസിക്കുന്ന സിനിമ. മൈസുരുവിൽനിന്നു കണ്ണൂരിൽ ട്രെയിനിറങ്ങിയതാണ് ഐശ്വര്യ (നിമിഷ സജയൻ). ഹർത്താലായതിനാൽ ഐശ്വര്യയെ വീട്ടിലേക്ക് എത്തിക്കാനുള്ള നിയോഗം യാദൃച്ഛികമായി ആനന്ദിനാണ് (ഷെയ്ൻ നിഗം) കിട്ടിയത്. രണ്ടാളുടെയും ആദ്യകൂടിക്കാഴ്ച. ബൈക്കിൽ പോകുന്നതിനിടെ ഇവരെ ഹർത്താൽ അനുകൂലികളായ പാർട്ടിക്കാർ തടയുന്നു. അവരെ വെട്ടിച്ച് ആനന്ദ് ഇടവഴികളിലൂടെയും കുന്നിൻമുകളിലൂടെയും ബൈക്കോടിച്ച് ഐശ്വര്യയെ വീട്ടിലെത്തിച്ചു.

മൈസൂരിൽ പഠിക്കുകയാണ് ഐശ്വര്യ. സ്കോളർഷിപ്പോടെ യുഎസിൽ പോകണം, ജോലിയെടുത്തു അവിടെ ജീവിക്കണമെന്നതാണ് സ്വപ്നം. ഈ നശിച്ച നാട് വേണ്ടത്രെ. മൈസുരുവിൽതന്നെയാണ് ആനന്ദും പഠിച്ചത്. ഇപ്പോഴവിടെ ഇൻഷുറൻസ് കമ്പനിയിൽ യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്നു. നാട്ടിലും മൈസുരുവിലും വച്ചുള്ള കൂടിക്കാഴ്ചകളിലൂടെ പരിചയം പ്രണയത്തിലെത്തുന്നു. ഇണക്കങ്ങളും പിണക്കങ്ങളും സങ്കടങ്ങളും പാട്ടും കഥ പറച്ചിലും ഫോൺ വിളിയും ബൈക്കു യാത്രയും സിനിമ കാണലും ഫെയ്സ്ബുക്കും എല്ലാമുള്ള പ്രണയം.

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ആദ്യ പകുതി പ്രണയത്തിനു പ്രധാന്യം നൽകിയപ്പോൾ, രണ്ടാം പകുതിയിൽ രാഷ്ട്രീയ വയലൻസിനാണ് മുൻതൂക്കം. വിശദാംശങ്ങളോടെ ഒരുക്കിയ ചിത്രത്തിന്റെ പ്രമേയ തീവ്രത അഭിനന്ദനം അർഹിക്കുന്നു. ആദ്യ പകുതിയിലെ പതിഞ്ഞ താളം ചിലർക്കു വിരസമായേക്കും. അൻവർ അലി എഴുതിയ മൂന്ന് പാട്ടുകളുള്ള ചിത്രത്തിന്റെ കാഴ്ചാഭംഗി ഹൃദയഹാരിയാണ്. കണ്ണൂരിന്റെ കാവുകളും തെയ്യങ്ങളും തുരുത്തുകളും പച്ചപ്പും കുന്നുകളും സ്വഭാവികതയോടെ പ്രത്യക്ഷപ്പെടുന്നു.

പരോപകാരമേ പുണ്യം എന്നാണത്രെ ഗോവിന്ദൻ മാമയുടെ (അലൻസിയർ) ജീവിതം. ഒരു കേസിൽ ഡമ്മി പ്രതിയായി രണ്ടാഴ്ചത്തേക്ക് ജയിലിൽ പോകാൻ നിർദേശിച്ചപ്പോൾ ഒരു മടിയും കൂടാതെ ഉപേന്ദ്രൻ (മണികണ്ഠൻ ആചാരി) സമ്മതിച്ചു. പോകരുതെന്ന് ആനന്ദ് പറഞ്ഞപ്പോൾ, എത്ര നാൾ ജീവിച്ചു എന്നതില്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യമെന്നായിരുന്നു മറുപടി. ചോരക്കളിയിലേക്ക് ഉപേന്ദ്രനെയും കണ്ണി ചേർക്കുകയായിരുന്നു, ഗോവിന്ദ മാമ. അതുപക്ഷെ, ഉപേന്ദ്രന് തിരിച്ചറിയാനായില്ല. കെജെപി പ്രവർത്തകനെന്ന നിലയിൽ അയാൾ അഭിമാനിക്കുകയാണ് ചെയ്തത്.

മറുവശത്ത്, കെപിഎം പാർട്ടിയിലും ഇതുപോലെ ആളൊരുക്കം നടക്കുന്നുണ്ട്. ഒരിടത്ത് സ്വർഗീയ ബലിദാനിയും മറുവശത്ത് രക്തസാക്ഷിയുമായി മനുഷ്യരുടെ ചിത്രങ്ങൾ ഫ്ലെക്സുകളിൽ നിറയുന്നു. സമാധാനത്തിനല്ല, ആക്രമത്തിനാണ് രണ്ട് പാർട്ടിക്കാരും ആഹ്വാനം ചെയ്യുന്നത്. കെപിഎമ്മിന്റെ അടിയുറച്ച പാർട്ടി കുടുംബമാണ് ഐശ്വര്യയുടേത്. ആനന്ദിന്റെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം കെജെപിക്കാരും. രാഷ്ട്രീയക്കളികളിൽ താൽപര്യമില്ലാത്ത, സ്വപ്നങ്ങളും സ്വതന്ത്രചിന്തയുമുള്ള യുവാവ്. ഐശ്വര്യയുടെ ഏട്ടൻ കാരിപ്പള്ളി ദിനേശ് (സുജിത് ശങ്കർ) പ്രാദേശിക നേതാവാണ്. ശത്രുക്കളായ രണ്ട് പാർട്ടി കുടുംബങ്ങളിലെ അസാധാരണ, അപ്രായോഗിക പ്രണയമാണ് ഈടയുടെ ഉള്ളടക്കം.

ഇടതുപക്ഷത്തെന്റെയോ സംഘപരിവാറിന്റെയോ പക്ഷം പിടിക്കാതെ, മനുഷ്യപക്ഷത്തുനിന്നുള്ള ആഖ്യാനമാണ് സിനിമ. ആൺ ഹുങ്കാരങ്ങളിൽ വിധവകളാക്കപ്പെടുന്ന, ഒറ്റപ്പെടുന്ന, അതിജീവനത്തിനായി പൊരുതുന്ന സ്ത്രീകളുടെ കൂടി കഥയാണിത്. ചില കല്ലുകടികളുണ്ടെങ്കിലും കണ്ണൂർ ഭാഷയിലേക്ക് കാണിയെ കൈപിടിച്ചു കൊണ്ടുപോകുന്നുണ്ട്. ആളുകളുടെ ഭാഷ, വേഷം, ചുറ്റുപാട് എന്നിവയെ സൂക്ഷ്മമായി നിരീക്ഷിച്ചൊരുക്കിയ ചിത്രം. അറിഞ്ഞോ അറിയാതെയോ ഒരാൾ സ്വീകരിക്കുന്ന വേഷഭൂഷാദികളിലൂടെ ആ വ്യക്തിയുടെ രാഷ്ട്രീയത്തിലേക്ക് വെളിച്ചമാകുന്ന തിരഭാഷ്യത്തിന്റെ കരുത്തുമുണ്ട്.

തെയ്യങ്ങളാടുന്ന കാവുകൾ. മുടങ്ങാതെ തെയ്യത്തിനെത്തുന്നവർ. ആ തെയ്യാഘോഷത്തിനിടയിലും പക തീർക്കാൻ അവസരം നോക്കുന്ന പാർട്ടിക്കാർ. ദൈവ വിശ്വാസം പാർട്ടി വിശ്വാസത്തിലേക്കു മാറിയ നാടിന്റെ ദുരവസ്ഥ. തെയ്യം കാണുന്ന ഉപേന്ദ്രനെ സൂത്രത്തിൽ കെപിഎം പ്രവർത്തകർ ബലമായി പിടിച്ചുകൊണ്ടു പോകുന്നതും മർദിക്കുന്നതും ഐശ്വര്യയും ആനന്ദും കാണുന്നുണ്ട്. അവരുടെ പ്രണയനോട്ടങ്ങൾക്കിടെയാണത് കണ്ടത്. നാട്ടുകാർ തടിച്ചുകൂടിയതോടെ കൊലപാതക ശ്രമം പരാജയപ്പെട്ടു. അപ്പോൾ ഓടിവന്ന ദിനേശേട്ടൻ പറഞ്ഞത്, സ്ത്രീകളെ ഉപ്രദവിച്ചവരെ കൈകാര്യം ചെയ്തുവെന്നാണ് !

ദിനേശനെ കെജെപി നോട്ടമിട്ട രഹസ്യവിവരം ആനന്ദ് വെളിപ്പെടുത്തി. അതുകേട്ടപ്പോൾ ദിനേശൻ പേടിച്ചില്ല, ഒളിച്ചുമില്ല. കൊല്ലാൻ അവർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ എവിടെയായാലും എപ്പോഴായാലും അവർ കൊന്നിരിക്കും. മരിക്കുമെന്ന്, അല്ല കൊല്ലപ്പെടുമെന്ന് വിചാരിച്ചുള്ള ജീവിതം എന്തൊരു ദുരന്തമാണ്. അക്രമരാഷ്ട്രീയത്തെ ആലപ്പുഴക്കാരിയായ ഭാര്യ തള്ളിപ്പറയുമ്പോൾ, കണ്ണൂരിന്റെ കഥ വേറെയാണെന്ന് ദിനേശൻ ഓർമിപ്പിക്കുന്നു. എന്തിനു തയാറായ പ്രവർത്തകരുടെ കൂടെ നിൽക്കേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന്റെ ആവശ്യമാണെന്ന് ഐശ്വര്യയുടെ പ്രതിശ്രുത വരനായ ചെന്ന്യം സുധാകരനും വ്യക്തമാക്കുന്നുണ്ട്.

അപ്രതീക്ഷിതമായി ഓരോരുത്തർക്കും വെട്ടേൽക്കുമ്പോൾ, കുത്തേറ്റ് ചോര തെറിക്കുമ്പോൾ തീയറ്ററിലെ ഇരുട്ടിൽ ഭയം നമ്മെ പിടുത്തമിടും. എന്തിനാണ്, എന്തിനാണ് ഇങ്ങനെയെന്ന് ഹൃദയം ചോദിച്ചു കൊണ്ടേയിരിക്കും. മൈസുരുവിന്റെ വർണാകാശങ്ങളിൽ പാറിപ്പറക്കുന്ന ഐശ്വര്യയുടെയും ആനന്ദിന്റെയും സ്വാതന്ത്ര്യത്തിന്റെ ചിറകരിയുന്ന പാർട്ടികളുള്ള നാട്. കൊല്ലലാണ് ശരിയെന്ന് വിശ്വസിക്കുന്ന മനുഷ്യർ. വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടെന്തു കാര്യമെന്നു ചോദിക്കുമ്പോൾ തന്നെ, വേദം പഠിച്ച പോത്താണ് ഇപ്പോളെന്ന് ക്രൂരമായി തമാശ പറയുന്നവർ.

രചനയും സംവിധാനവും എഡിറ്റിങ്ങും അജിത് കുമാർ നിർവഹിച്ചിരിക്കുന്നു. ഡെൽറ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ ശർമിള രാജയാണ് നിർമാണം. എൽജെ ഫിലിംസ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നു. മികച്ച കാസ്റ്റിങ്ങാണ് ചിത്രത്തിന്റെ സവിശേഷത. സുരഭി ലക്ഷ്മി, പി.ബാലചന്ദ്രൻ, ബാബു അന്നൂർ, ഷെല്ലി കിഷോർ, രാജേഷ് ശർമ്മ, സുധി കോപ്പ, സുനിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഒരു വിങ്ങലോടെയല്ലാതെ ഈട കണ്ടു തീർക്കാനാകില്ല, ഒട്ടുമേ ആനന്ദിച്ച് പുറത്തിറങ്ങാനുമാകില്ല. തന്റെ ഒളിവുകാലത്ത് തുരുത്തിലെ കരയിലിരുന്ന് ചൂണ്ടയിൽ മണ്ണിര കോർക്കുന്ന ആനന്ദിന്റെ സമീപദൃശ്യമുണ്ട്. ഈടയുടെ ആത്മാവണത്. ചൂണ്ടയും ഇരയുമാകുന്ന മനുഷ്യരുടെ ദുരവസ്ഥ !