കട്ട ‘നാടൻ’ കുട്ടനാടൻ മാർപാപ്പ; റിവ്യു

അവധിക്കാലത്ത് മലയാളിപ്രേക്ഷകരെ ചിരിപ്പിക്കാൻ റെഡിയാക്കിയ തനികുട്ടനാടൻ വിഭവമാണ് ചാക്കോച്ചൻ നായകനായി എത്തുന്ന കുട്ടനാടൻ മാർപാപ്പ. കോമഡി താരങ്ങളുടെ നീണ്ട നിരയുള്ള ചിത്രം കുട്ടനാടിന്റെ സൗന്ദര്യവും നാടൻനർമങ്ങളും ചേർത്തൊരുക്കിയ എന്റർടെയ്നറാണ്.

റേഷന്‍കട നടത്തുന്ന മേരിയുടെ ഏക മകനാണ് ജോണ്‍. ഫൊട്ടോഗ്രഫിയാണ് കമ്പം. എന്നാൽ പറയത്തക്ക  ജോലിയൊന്നും കക്ഷിക്ക് ഇല്ലതാനും. ‘കുട്ടനാടൻ മാര്‍പാപ്പ’യെന്നാണ് നാട്ടിൽ ജോണിന്റെ വിളിപ്പേര്. 

ജോണിന്റെ പ്രണയസാഫല്യവും അതിനിടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലുമാണ് ചിത്രം പ്രേക്ഷകരെ നയിക്കുന്നത്.

പൂർണമായും കമേഴ്സ്യൽ പാറ്റേണിലാണ് ചിത്രം. പുതുമയുള്ള കഥയോ റിയലിസ്റ്റിക് ആയ അവതരണമോ സിനിമയിൽ പ്രതീക്ഷിക്കരുത്. കുട്ടനാടിന്റെ ദൃശ്യഭംഗിക്കൊപ്പം രസകരമായി കഥ പറഞ്ഞുപോകുന്ന ചിത്രം. നാട്ടിൻപുറങ്ങളില്‍ കണ്ടുവരുന്ന കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളുമാണ് കുട്ടനാടൻ മാർപാപ്പയുടെ പ്രത്യേകത.

സംവിധായകന്റേതാണ് തന്നെയാണ് തിരക്കഥയും. ആദ്യ പകുതിയിലെ നർമരസങ്ങൾ രണ്ടാം പകുതിയിലെത്തുമ്പോൾ പ്രേക്ഷകരിലേക്ക് പൂർണമായും സന്നിവേശിപ്പിക്കാനായോ എന്നു സംശയം തോന്നാം. ഒട്ടേറെ ഹാസ്യതാരങ്ങൾ ഉണ്ടായിട്ടും അവരെ വേണ്ടവിധം ഉപയോഗിക്കാനായില്ലെന്നതും പോരായ്മയാണ്. എന്നാൽ രണ്ടോ മൂന്നോ രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സൗബിന്റെ കോമഡി നമ്പറുകൾ നിറഞ്ഞ കയ്യടി നേടും. 

ചാക്കോച്ചനൊപ്പം തന്നെ രമേഷ് പിഷാരടിയും ധർമജനും കോമഡി കൗണ്ടറുകളുമായി മികച്ചുനിന്നു. കുട്ടനാടൻ മാർപാപ്പയുടെ അമ്മ ‘മേരി’യായി എത്തിയ ശാന്തികൃഷ്ണയും വേഷം ഭംഗിയാക്കി. പതിവ് അമ്മ റോളുകളിൽ നിന്നും വ്യത്യസ്തയായ ന്യൂജെൻ അമ്മയായി ശാന്തികൃഷ്ണ തിളങ്ങി.

നായികാകഥാപാത്രമായ ജെസിയായി അദിതി രവിയും മികവാർന്ന അഭിനയം കാഴ്ചവെച്ചു. ഇവര്‍ക്ക് പുറമേ ഇന്നസെന്റ്, അജു വര്‍ഗീസ്, സുനില്‍ സുഖദ, ഹരീഷ് കണാരന്‍, ടിനിടോം, സലിംകുമാര്‍, ദിനേശ്, വിനോദ് കെടാമംഗലം, സാജന്‍ പള്ളുരുത്തി, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന താരങ്ങളാണ്. 

സലിം കുമാറിന്റെ ‘കറുത്ത ജൂത’ന്റെ ക്യാമറ ചെയ്ത ശ്രീജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണ് ഈ സിനിമ. ഛായാഗ്രാഹണത്തിൽ അരവിന്ദ് കൃഷ്ണ മികവു കാട്ടി. രാഹുൽ രാജിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കുട്ടനാടിന്റെ സൗന്ദര്യത്തോടൊപ്പം ചിത്രത്തിൽ ഇഴചേരുന്നു. 

പ്രണയത്തകർച്ചയിലെ മധുരപ്രതികാരം പശ്ചാത്തലമാക്കുന്ന ചിത്രം പ്രണയത്തകർച്ചയിൽ മനം മടുത്തിരിക്കുന്നവർക്കും ആശ്വാസം പകരും. അവധിക്കാലത്ത് കുടുംബവുമൊത്ത് ചിരിച്ച് ആസ്വദിച്ച് മടങ്ങാവുന്ന ഫാമിലി എന്റർടെയ്നറാണ് കുട്ടനാടൻ മാർപാപ്പ.