പ്രതികാരത്തിന്റെ ചാണക്യതന്ത്രം; റിവ്യു

There is no terror in the bang, only in the anticipation of it...- Alfred Hitchcock

ചെറിയ ഇടവേളയിൽ ഒരു നഗരത്തിൽ നടക്കുന്ന നാലു കൊലപാതകങ്ങൾ... ആരായിരിക്കും അതിനു പിന്നിൽ? കൊല്ലപ്പെട്ട ആളുകൾ തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ? എന്തായിരിക്കും കൊലപാതകത്തിനു പിന്നിലുള്ള കാരണം? ഈ ചോദ്യങ്ങളുടെ ഉറവിടവും ഉത്തരവും തേടിയുള്ള യാത്രയാണ് ചാണക്യതന്ത്രം എന്ന ചിത്രം. വാണിജ്യ സിനിമയുടെ രസക്കൂട്ടുകൾ ചാലിച്ചെടുത്ത ഒരു ത്രില്ലറാണ് ചാണക്യതന്ത്രം.

ക്രിമിനോളജിയിൽ ഉപരിപഠനം കഴിഞ്ഞ അർജുൻ ഒരു സ്വകാര്യ ഡിറ്റക്ടീവ് കമ്പനിയിൽ ജോലിക്കു കയറുന്നു. ഏൽപിക്കുന്ന ജോലികൾ വേഗത്തിൽ ചെയ്തു തീർക്കുന്ന അർജുന് അടുത്തതായി ലഭിക്കുന്ന ജോലി അവനെ ചില കുഴപ്പങ്ങളിൽ കൊണ്ടു ചാടിക്കുന്നു. അതിന്റെ ദുരൂഹതകൾ ചുരുളഴിക്കാൻ അർജുൻ നടത്തുന്ന യാത്രയിലൂടെയാണ് ചാണക്യതന്ത്രം കഥപറയുന്നത്.

കണ്ണൻ താമരക്കുളമാണ് (ആടുപുലിയാട്ടം, അച്ചായൻസ്) ചിത്രത്തിന്റെ സംവിധായകൻ. ആടുപുലിയാട്ടത്തിന്‍റെ തിരക്കഥാകൃത്ത് ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനും തിരക്കഥയൊരുക്കിയത്. ഷാൻ റഹ്മാൻ ആണ് സംഗീതം. 

ഉണ്ണി മുകുന്ദൻ നായകവേഷത്തിൽ എത്തുന്ന ചിത്രത്തിൽ  നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ‍, സായ്കുമാർ‍, രമേഷ് പിഷാരടി, ഹരീഷ് കണാരൻ‍, സമ്പത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

ഉണ്ണി മുകുന്ദൻ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിനിമയിൽ വിവിധ ഗെറ്റപ്പുകളിലാണ് ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. മല്ലുസിങ്ങായും സന്ന്യാസിയായും പെണ്ണായും ഉള്ള ഉണ്ണിയുടെ വേഷപ്പകർച്ചകള്‍ ചിത്രം ഇറങ്ങും മുൻപേതന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഗായകൻ എന്ന നിലയിലും ഉണ്ണി തിളങ്ങിയിട്ടുണ്ട്. 'ഏതോ വഴിത്താരയിൽ' എന്ന ഗാനം ഉണ്ണി നന്നായി ആലപിച്ചിട്ടുണ്ട്. അനൂപ് മേനോനും അൽപം സസ്പെൻസ് നിറഞ്ഞ വേഷം ഭദ്രമാക്കി. കഥാഗതിയിൽ പ്രാധാന്യമുള്ള വേഷങ്ങളാണ് ശിവദയും ശ്രുതിയും കൈകാര്യം ചെയ്യുന്നത്. പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, സംഘട്ടനം തുടങ്ങിയവ നിലവാരം പുലർത്തുന്നു. 

ഒരു ത്രില്ലർ ചിത്രത്തിന് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന്റെ മനസ്സിൽ നിരവധി മുൻവിധികളുണ്ടാകും. കഥ പുരോഗമിക്കുമ്പോൾ അവന്റെ മനസ്സിൽ അടുത്ത വഴിത്തിരിവിനെപ്പറ്റി പല പ്രചനങ്ങളുമുണ്ടാകും. ആ മുൻവിധികളെ കബളിപ്പിക്കുന്നിടത്താണ് ഒരു ത്രില്ലർ ചിത്രം വിജയിക്കുന്നത്. ഈവിധം കഥ പറയുന്നതിൽ ചാണക്യതന്ത്രം ഏറെക്കുറെ വിജയിക്കുന്നുണ്ട്. 

രണ്ടു മണിക്കൂർ പത്തു മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന അന്വേഷണം കൂടുതൽ സജീവമാകുന്നത് രണ്ടാം പകുതിയിലാണ്. ഓരോ കൊലപാതകത്തിനും പിന്നിലുള്ള കാരണങ്ങൾ കിടക്കുന്ന ഭൂതകാലത്തിലേക്കുള്ള യാത്ര നന്നായി ആവിഷ്കരിച്ചിട്ടുണ്ട്. വാണിജ്യ സിനിമയുടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രസക്കൂട്ടുകൾ സാദാ പ്രേക്ഷകർക്ക് ചിലപ്പോൾ അരോചകമാകാൻ സാധ്യതയുണ്ട്. പ്രവചിക്കാൻ കഴിയുന്ന കഥാഗതി പോരായ്മയാണ്.

ചിത്രത്തിനൊടുവിൽ, ആനുകാലിക പ്രാധാന്യത്തോടെ നമ്മുടെ രാജ്യം ചർച്ച ചെയ്യുന്ന ഒരു സാമൂഹിക വിപത്തിനെയും ചിത്രം അഭിസംബോധന ചെയ്യുന്നുണ്ട് എന്നത് പ്രശംസനീയമാണ്. ചുരുക്കത്തിൽ, മുൻവിധികൾ ഇല്ലാതെ ടിക്കറ്റ് എടുത്തുകാണാവുന്ന ഒരു എന്റർടെയ്നറാണ് ചിത്രം. 

വാൽക്കഷ്ണം: പൊടുന്നനെയുള്ള ഒരു സംഭവവികാസത്തിലല്ല, അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് യഥാർഥ ത്രില്ലർ ചിത്രത്തിന്റെ അന്തസ്സത്ത...