ഒരു ഫാമിലി പ്രേതകഥ; റിവ്യു

ഡ്രാക്കുള മുതൽ കള്ളിയങ്കാട്ട് നീലി വരെയുള്ള പ്രേതകഥകള്‍ കേട്ട് പേടിക്കാത്ത കുട്ടിക്കാലമുണ്ടാകില്ല. നിലത്തു കാലുറപ്പിക്കാതെ ഒഴുകി നീങ്ങുന്ന, ചോര കുടിക്കുന്ന പ്രേതങ്ങളുടെ കഥകൾ. നേരിട്ടനുഭവിക്കാത്ത ആ കെട്ടുകഥകൾ നാം വിശ്വസിക്കുന്നു. വെളുത്ത സാരിയുടുത്ത, പനങ്കുല പോലെ മുടിയുള്ള പ്രേതങ്ങൾ എല്ലാ നാട്ടിലുമുണ്ട്. അക്കഥകളിലെ മറ്റൊരു കഥാപാത്രമാണ് പ്രേത ബംഗ്ലാവ്. മരിച്ച ആളുകളുടെ ആത്മാക്കൾ കുടിയിരിക്കുന്ന വീടുകൾ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. അത്തരത്തിലൊരു ഒരു ബംഗ്ലാവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രേതകഥ... അല്ല, കെട്ടുകഥയയുമാണ് സൂഗീതിന്റെ കിനാവള്ളി.

∙ പുതുമുഖങ്ങളുടെ ചിത്രം: സംവിധായകൻ സുഗീതും ഹരിഷ് കണാരനുമൊഴികെ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. പൂർണമായും പുതുമുഖങ്ങളെ വെച്ചു ചിത്രം ചെയ്യാൻ ശ്രമിച്ച സുഗീതിന്റെ ചങ്കൂറ്റത്തിന് ആദ്യം കൊടുക്കാം ഒരു സല്യൂട്ട്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോൾ മിനിമം ഗ്യാരണ്ടിയെന്ന് അവകാശപ്പെടാൻ എന്തുണ്ടെന്ന ചോദ്യത്തിന്റെ ഉത്തരമാണ് കെട്ടുറപ്പുള്ള തിരക്കഥയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പുതുമയും. അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചുകുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നീ പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ. 

∙സംവിധായകന്റെ സിനിമ: ഓർഡിനറിയിലൂടെ സംവിധായകനായി അരങ്ങേറി മധുരനാരങ്ങയിലൂടെ, ശിക്കാരി ശംഭുവിലൂടെ ഫാമിലി പ്രേക്ഷകരുടെ പ്രിയം നേടിയ സുഗീതിന്റെ ചിത്രം. പ്രണയവും സൗഹൃദവും ഭയവുമെല്ലാം ഇഴചേരുന്ന കള്ളക്കഥ- ഒറ്റവാക്കിൽ ഇങ്ങനെ പറയാം. പുതുമുഖ താരങ്ങളുടെ കയ്യടക്കമുള്ള അഭിനയം തന്നെയാണ് സുഗീതിന്റെ വിജയം. പ്രേതക്കഥ മാത്രമാക്കി മാറ്റാതെ തമാശയും സൗഹൃദവുമെല്ലാം ചിത്രത്തിൽ ഒരുക്കിയിരിക്കുന്നു. 

∙സൗഹൃദത്തിൽ തളിർക്കുന്ന കിനാവള്ളി: വിവേക്, അജിത്, സ്വാതി, സുധീഷ്, ഗോപൻ ഇവരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം. വിവേകിന്റെ വിവാഹത്തോടെയാണ് ഇവർ തമ്മിലുള്ള ബന്ധം അകന്നുപോകുന്നത്. ഇവരുടെ സൗഹൃദത്തിന്റെ ആഴം വിവേക് ഭാര്യ ആനിനോടു വിവരിക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. സുഹൃത്തുക്കളെ മിസ് ചെയ്യുന്ന വിവേകിന് സർപ്രെസ് കൊടുക്കാൻ നാലുപേരെയും ആൻ വീട്ടിലേക്കു ക്ഷണിക്കുന്നു. തുടർന്നങ്ങോട്ടുള്ള സംഭവ വികാസങ്ങളാണ് ചിത്രം. സ്ഥിരം ഹൊറർ സിനിമകളിലെപ്പോലെ ശുഭപര്യവസായിയായ ചിത്രത്തിലൊരു സസ്പെൻസും സംവിധായകൻ ഒരുക്കി.

∙ കെട്ടുറപ്പുള്ള തിരക്കഥ: ഈ കെട്ടുകഥ കെട്ടുറപ്പുള്ള കഥയാക്കി മാറ്റുന്നതിൽ തിരക്കഥാകൃത്തുക്കളായ ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനും വിജയിച്ചു. ദ്വയാർഥങ്ങളില്ലാത്ത തമാശകൾ ചിത്രത്തിന് മുതൽകൂട്ടാണ്. ഹരീഷ് കണാരന്റെ എൻട്രിയും തമാശകളും കാണികളെ ശരിക്കും രസിപ്പിക്കും. കഥയിൽ ചോദ്യമില്ല എന്നു പറയുന്നതുപോലെ അവസാനം ഹരീഷ് എവിടെപ്പോയി എന്നു മാത്രം ചോദിക്കരുത്. 

∙ മികച്ച ഗാനങ്ങൾ: പുതുമ നിറഞ്ഞ ഗാനങ്ങളാണ് ചിത്രത്തിൽ. റിലീസിനുമുന്നേ തരംഗം സൃഷ്ടിച്ച ഗാനങ്ങൾ ചിത്രത്തിനു മൈലേജ് നൽകി. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത്, മംഗള്‍ സുവര്‍ണന്‍, ശ്രീ സായി സുരേന്ദ്രന്‍ എന്നിവര്‍ ഈണം പകരുന്നു. ‌

∙ ദൃശ്യ ഭംഗി: അതിമനോഹരമായ ലോക്കേഷൻ. അതിന്റെ ഭംഗി മുഴുവൻ പകർത്താൻ വിവേക് മേനോന്റെ ക്യാമറയ്ക്കായി. കൺകുളിർപ്പിക്കുന്ന ഭംഗി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സൗഹൃദവും ഗാനങ്ങളും തമാശയും ലൊക്കേഷനും ഒരു കോളജ് ടൂറിന്റെ അനുഭൂതി കാഴ്ചക്കാരിൽ നിറയ്ക്കുന്നു.