'വജ്രായുധ'വുമായി ഡാകിനി മുത്തശ്ശിമാർ; റിവ്യു

'ഡാകിനി' മലയാളികൾക്ക് ഈ പേരിനെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകണമെന്നില്ല. ബാലരമയിൽ വായിച്ച് പരിചയിച്ച ഡാകിനി മുത്തശ്ശിയുടെ പേര് കടമെടുത്ത ഈ ചിത്രം പറയുന്നത് ജഗജില്ലികളായ നാലു മുത്തശ്ശിമാരുടെ കഥയാണ്.

‘ഒറ്റമുറി വെളിച്ചം’ എന്ന തന്റെ അവാർഡ് നേടിയ ചിത്രത്തിന് ശേഷം ഇത്തരമൊരു കോമഡി–ആക്​ഷൻ ത്രില്ലറുമായി രാഹുൽ റിജി നായർ എത്തുമെന്ന് ആരും പ്രതീക്ഷിക്കില്ല. നാലു മുത്തശ്ശിമാരെ കോമഡി നിറഞ്ഞ ആക്​ഷൻ സിനിമയിൽ അഭിനയിപ്പിക്കുക എന്ന വെല്ലുവിളിയാണ് സംവിധായകനെടുത്തത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

മറ്റു സിനിമകളിൽ അമ്മ വേഷങ്ങളിൽ മാത്രം കണ്ടുവന്ന ഈ നാല് മുത്തശ്ശിമാരാണ് ചിത്രത്തിലെ നായികമാർ. സ്വന്തം സുഖങ്ങൾക്കായി എന്നും ഇടം കണ്ടെത്തുന്ന ജീവിതത്തിനിടെ അവരിൽ ഒരാൾക്ക് ഉണ്ടാകുന്ന പ്രശ്ന പരിഹാരത്തിനായി ഗുണ്ടകളുമായി പോരിനിറങ്ങുകയാണിവർ. അതെങ്ങനെയെന്നതാണ് ഡാകിനിയെ രസകരമാക്കുന്നത്.

സേതുലക്ഷ്മി, പൗളി വിൽസൺ, സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സരസ ബാലുശ്ശേരി, ശ്രീലത ശ്രീധരൻ എന്നിവരാണ് ‘ഡാകിനി’ മുത്തശ്ശിമാർ. പുരാണ കഥകളിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ഇവരുടെ ഓരോ പ്ലാനും ഒടുവിൽ നേർക്കുനേർ പോരാട്ടവും. മുത്തശ്ശിമാരുടെ ഡാൻസും പാട്ടും ചീട്ടുകളിയും കാർ റേസിങ്ങുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കും.

കോട്ടും സ്യൂട്ടുമണിഞ്ഞ് എപ്പോഴും ഗൗരവത്തോടെ വിന്റേജ് കാറിൽ വിലസുന്ന, ക്രൂരനായ മായൻ എന്ന വില്ലൻ കഥാപാത്രത്തെ ചെമ്പൻ വിനോദ് ഗംഭീരമാക്കി. ചെമ്പന്റെ അച്ഛനായി രാജുഭായി എന്ന കുഞ്ഞു വേഷത്തിൽ വ്യത്യസ്ത ലുക്കിലെത്തുകയാണ് ഇന്ദ്രൻസ്. കുട്ടാപ്പിയായി അജുവർഗീസും ഗുണ്ടയെന്ന് സ്വയം പറഞ്ഞു നടക്കുന്ന സൈജു കുറുപ്പും മുത്തശ്ശിമാർക്കിടയിലെ സ്റ്റാറുകളായി. വാർദ്ധക്യകാലത്തെ പ്രണയം അവതരിപ്പിച്ച് അലൻസിയറും തന്റെ ഭാഗം മികച്ചതാക്കി. ആദ്യഭാഗത്തിൽ അൽപം വേഗതക്കുറവ് തോന്നുമെങ്കിലും രണ്ടാം പകുതി ഞെട്ടിച്ചെന്നു തന്നെ പറയേണ്ടി വരും.

ചിത്രത്തിലെ പാട്ടുകളും പാട്ടുകളുടെ ചിത്രീകരണവും മനോഹരമാണ്. രാഹുൽ രാജിന്റേതാണു സംഗീതം. അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണവും ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതവും സിനിമയോട് നീതിപുലർത്തി.

മലയാള സിനിമയിൽ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രമേയം, വെല്ലുവിളികൾ സ്വീകരിച്ച് അത് ഭംഗിയായി അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ മുഖ്യ പ്രത്യേകത. തങ്ങളെ കാണാണെത്തുന്നവരെ ഈ ഡാകിനി അമ്മൂമ്മമാർ പ്രേക്ഷകരെ ചിരിപ്പിക്കുക മാത്രമല്ല, അൽപം ടെൻഷൻ അടുപ്പിക്കുകയും ചെയ്യും.