സ്പൈഡർ കാണാനുള്ള അഞ്ച് കാരണങ്ങൾ

സൂപ്പർഹിറ്റുകളുടെ സൃഷ്ടാവായ എ ആർ മുരുകദോസ് ഒരുക്കുന്ന സ്പൈ ത്രില്ലർ സ്പൈഡർ റിലീസിനെത്തുകയാണ്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

പ്രഗൽഭരുടെ സാനിധ്യമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം. സന്തോഷ് ശിവന്റെ ഛായാഗ്രഹണം, ഹാരിസ് ജയരാജിന്റെ സംഗീതം, ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്, പീറ്റർ ഹെയ്നിന്റെ ആക്​ഷൻ കൊറിയോഗ്രഫി ഇവയെല്ലാം സ്പൈഡറിനെ കരുത്തുറ്റതാക്കുന്നു.

എസ് ജെ സൂര്യ എന്ന താരത്തിന്റെ വില്ലൻ ഗെറ്റപ്പാകും സിനിമയുടെ പ്രധാനആകർഷണം. എസ്‍ ജെ സൂര്യ സംവിധാനം ചെയ്ത വാലി, ഖുശി എന്നീ സിനിമകളിൽ മുരുകദോസ് അസോഷ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. രാകുൽ പ്രീത് ആണ് നായിക. തമിഴ് നടൻ ഭരത് ആണ് വില്ലൻ വേഷത്തിലെത്തുന്നത്.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് പ്രൊഡക്ഷന്റെ സഹകരണത്തോടെ എന്‍വിആര്‍ സിനിമാ എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിയേറ്റര്‍ അവകാശം മാത്രം വിറ്റത് 120 കോടി രൂപക്കാണ്. സാറ്റലൈറ്റ്, ആഡിയോ അവകാശങ്ങള്‍ വിറ്റതിലൂടെയാണ് ബാക്കി തുക ലഭിച്ചത്.

120 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു. റിലീസിന് മുമ്പേ 150 കോടി രൂപയോളം നേടിയ നാലാമത്തെ തെന്നിന്ത്യന്‍ സിനിമയാണ് സ്‌പൈഡര്‍. അമേരിക്കയില്‍ മാത്രം 400 സ്‌ക്രീനുകളിലാണ് സ്‌പൈഡര്‍  പ്രദര്‍ശനത്തിനെത്തുന്നത്.  ഇറാം ഗ്രൂപ്പിനാണ് ചിത്രത്തിന്റെ മലയാളത്തിലെ വിതരണാവകാശം..