പഞ്ചവർണതത്ത വിഷുവിന്; റിലീസിനെത്തിക്കുന്നത് തിയറ്റർ ഉടമകൾ

വിഷുവിന്റെ ആഘോഷങ്ങൾക്ക് ചിരിയുടെ പഞ്ചവർണങ്ങളേകാൻ ജയറാം, ചാക്കോച്ചൻ എന്നിവരെ അണിനിരത്തി രമേഷ് പിഷാരടി സംവിധാനം നിർവഹിക്കുന്ന പഞ്ചവർണതത്ത ഈ ശനിയാഴ്‌ച തിയറ്ററുകളിൽ എത്തുന്നു. നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്.

സപ്ത തരംഗ് സിനിമയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഏഴ്പേരുടെ കൂട്ടായ്മയിലുള്ള ഈ സംരംഭത്തിൽ നാല് പേർ തിയറ്റർ ഉടമകളാണ്. തിയറ്റർ ഉടമകളായ കെ നന്ദകുമാർ, രാംദാസ് ചേലൂർ, ഒ.പി ഉണ്ണികൃഷ്ണൻ, സന്തോഷ് ജേക്കബ് എന്നിവരാണ് ഇതിന് പിന്നിൽ മധു ചിറക്കൽ, ജയഗോപാൽ പി.എസ്, ബെന്നി ജോർജ് എന്നിവരാണ് കൂട്ടായ്മയിലെ മറ്റുമൂന്നുപേർ.

മേക്കോവറിൽ ഏറെ വ്യത്യസ്തതയുമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ,ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചൻ എത്തുന്നു. അനുശ്രീയാണ് നായിക. ധർമജൻ, സലിം കുമാർ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നു.

രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജു.