പ്രേക്ഷകർക്കിടയില്‍ മികച്ച പ്രതികരണവുമായി മന്ദാരം മുന്നേറുന്നു

ആസിഫ് അലി നായകനായി എത്തിയ മന്ദാരം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കോളജ് കുട്ടികളെയും യുവാക്കളെയും ഒരുപോലെ ഇഷ്ടപ്പെടുത്തുന്ന പ്രമേയമാണ് സിനിമയുടെ പ്രത്യേകത. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്.

നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന 'മന്ദാരം' തികച്ചും യുവാക്കളെ ഉദ്ദേശിച്ചുള്ള ചിത്രമാണ്. പ്രണയം എന്നും പൈങ്കിളിയാകുന്നത് പോലെ, യുവാക്കൾ ജീവിതത്തിൽ അനുഭവിച്ച/അനുഭവിക്കുന്ന രസകരമായ പ്രണയാനുഭവങ്ങളുടെ കഥയാണ് ചിത്രത്തിലുള്ളത്. സുഹൃത്തുക്കൾക്കൊപ്പം കണ്ടു രസിക്കാവുന്ന ഒരു ആസിഫ് അലി ചിത്രമെന്ന് മന്ദാരത്തെ പറയാം. 

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിൽ ഭൂരിഭാഗം പേരും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ടാം. പ്രണയവും പ്രണയ നൈരാശ്യവും കുടുംബ ബന്ധങ്ങളിലെ തീവ്രതയും സൗഹൃദവുമെല്ലാം കോർത്തിണക്കി യുവാക്കൾക്ക് രുചിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ ചിത്രമാണ് മന്ദാരം.

നവാഗതനായ ബാഹുല്‍ ക്യാമറയും മുജീബ് സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സിനിമ വാഗമണ്‍, ഫോര്‍ട്ട് കൊച്ചി, ബാംഗ്ലൂര്‍, ഹരിദ്വാര്‍, മണാലി എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നത്. മാജിക് മൗണ്ടേയ്‌ൻ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.