‘ആനന്ദം’ പകരാൻ വിനീതും കൂട്ടരും 21ന് എത്തും

വിനീത് ശ്രീനിവാസൻ ആദ്യമായി നിർമിക്കുന്ന ചിത്രം ആനന്ദം ഒക്ടോബർ 21 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.കൊളേജ് കാലഘട്ടങ്ങളും സൗഹൃദങ്ങളുമൊക്കെ പ്രമേയമാക്കിയിരിക്കുന്ന ചിത്രത്തിൽ യുവാക്കളെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയിട്ടുണ്ട്. മാത്രമല്ല സെൻസർ ബോർഡ് അംഗങ്ങളും സിനിമയെ പ്രശംസിച്ചു. പുതുമുഖങ്ങളാണെങ്കിൽ തന്നെയും ഏഴുപേരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും ഇവർ പറഞ്ഞു.

രണ്ടു മണിക്കൂർ ഒരു മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. 'ഹാബിറ്റ് ഓഫ് ലൈഫ്' സിനിമയുടെ ബാനറിൽ നിർമിക്കുന്ന സിനിമ എൽ ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്നു. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആണ് സംവിധാനം.

24 വയസുള്ള സംവിധായകൻ ഉൾപ്പടെ അഭിയനയിക്കുന്നവരുടെ ശരാശരി പ്രായം 17 മുതൽ 21 വരെയാണെന്നതും കൗതുകം. തട്ടത്തിൻ മറയത്തുമുതൽ ജേക്കബിന്റെ സ്വർഗരാജ്യം വരെ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേഷ്.

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. സച്ചിന്‍ വാര്യര്‍ സംഗീതം. അഭിനവ് സുന്ദര്‍ നായക് എഡിറ്റിംഗും ഡിനൊ ശങ്കര്‍ കലാസംവിധാനവും.