ഫഹദ്–സണ്ണി വെയ്‍ൻ ചിത്രം; ആണെങ്കിലും അല്ലെങ്കിലും

ഫഹദ് ഫാസിലും സണ്ണി വെയ്നും ഒന്നിക്കുന്നു പുതിയ ചിത്രമാണ് ആണെങ്കിലും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൗതുകകരമായ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ഒരു കാർ മാത്രമാണ് പോസ്റ്ററിലെ പ്രധാനതാരം.

നവാഗതനായ വിവേക് തോമസ് വർഗീസ് ആണ് സംവിധാനം. സിനിമയുടെ ചിത്രീകരണം മെയ് മാസം ആരംഭിക്കും. റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം കുടുംബങ്ങളെയും യുവാക്കളെയും ലക്ഷ്യംവച്ചാണ് അണിയിച്ചൊരുക്കുക.

നാല് വർഷം എംടിവി ഇന്ത്യയുടെ വിവിധ പരിപാടികളിലെ ക്രിയേറ്റീവ് പ്രൊഡ്യൂസറായ പ്രവർത്തിച്ച വിവേക് രണ്ട് വര്‍ഷം വാൾട് ഡിസ്നി ഇന്ത്യയിലും സഹകരിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖകമ്പനികൾക്കായി ആഡ് ഫിലിംസും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഗ്ലോബൽ യുണൈറ്റഡ് മീഡിയ കമ്പനിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി ജോലി ചെയ്യുകയാണ് വിവേക്. ദുൽക്കർ–രാജീവ് രവി ചിത്രം കമ്മട്ടിപാടത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു വിവേക് തോമസ്.

വിവേകിന്റെ കഥയ്ക്ക് വിവേകിനൊപ്പം അരുൺ എ ആർ, അജയ് രാഹുൽ, എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു.അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. സംഗീതം പി എസ് ജയ്ഹരി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ലിയത്ത് ആണ് നിർമാണം.