വേറിട്ട ഗെറ്റപ്പിൽ സനയും ഫർഹാനും; ‘ബഷീറിന്റെ പ്രേമലേഖനം’

സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങൾക്കുശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഷീറിന്റെ പ്രേമലേഖനം’. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഞാൻ സ്റ്റീവ് ലോപ്പസിലൂടെ അഭിനയരംഗത്തെത്തിയ ഫർഹാൻ നായകനാകുമ്പോൾ ഫഹദ് ചിത്രമായ മറിയം മുക്കിലൂടെ മുൻനിരയിലെത്തിയ എത്തിയ സന അൽത്താഫ് ചിത്രത്തിൽ നായികയായി എത്തുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിൽ പഴയകാലലുക്കിലാണ് ഇരുവരും എത്തുന്നത്.

കമ്മട്ടിപ്പാടത്തിലൂടെ ഏറെ പ്രശസ്തനായ മണികണ്ഠനും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. 1980 കാലഘട്ടത്തിലെ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിൽ മധു, ഷീല പ്രണയജോഡികൾ കടന്നുവരുന്നു എന്നുള്ളതാണ് കൗതുകകരമായ മറ്റൊരു കാര്യം. ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ അവതരണവും പ്രമേയവുമാണ് ചിത്രത്തിലേതെന്ന് അനീഷ് അൻവർ വ്യക്തമാക്കുന്നു.

ഷിനോദും ഷംസീറും ബിപിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. എറണാകുളവും പാലക്കാടുമാണ് പ്രധാന ലൊക്കേഷന്‍. രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഫോർഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പി എം ഹാരിസ് -വിഎസ് മുഹമ്മദ് അൽത്താഫ് എന്നിവരാണ് നിർമാണം.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പുറത്തിറങ്ങിയ മോഹൻലാലും കുട്ടികളും അഭിനയിച്ച ‘ലോഡലും ലൊഡലൊഡലു’ എന്ന വൈറൽ വിഡിയോ സോങ് ഒരുക്കിയതും അനീഷ് അൻവറാണ്.