കിങ് ലയറിനൊപ്പം മഡോണ

ദിലീപ് നായകനായെത്തുന്ന കിങ് ലയറിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദിലീപിന്റെയും മഡോണയുടെയും സ്റ്റൈലിഷ് ഗെറ്റപ്പ് തന്നെയാണ് പോസ്റ്ററിന്റെ പ്രധാനആകര്‍ഷണം.

സിദ്ദിഖ് തിരക്കഥയെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഡോണയാണ് നായിക. പ്രേമം സിനിമയിലൂടെ മലയാളിപ്രേക്ഷകന് പ്രിയങ്കരിയായി മാറിയ നടിയുടെ രണ്ടാമത്തെ മലയാളചിത്രമാണ് കിങ് ലയർ.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജനപ്രിയനായകൻ എത്തുന്നത്. കേരളത്തിലും ദുബായിയിലുമായി ഒരു മാസത്തോളം ചിത്രീകരണം നടന്നിരുന്നു. ബാലു വര്‍ഗീസ്, ആശ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദീപക് ദേവാണ് സംഗീതം. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദിലീപിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ടു കണ്ട്രീസ് സൂപ്പർഹിറ്റായിരുന്നു. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്.