ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഗൗതംമേനോനില്ല!

ഗൗതം വാസുദേവ മേനോൻ എന്ന സംവിധായകന്റെ മലയാളത്തിലേക്കുള്ള കടന്നുവരവിനായി ഏറെനാളായി കാത്തിരിക്കുകയാണ് നമ്മൾ. വിനീത് ശ്രീനിവാസൻ ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ ഗൗതം മേനോൻ സംവിധായകനായല്ല, അഭിനേതാവായി എത്തുന്നുവെന്ന വാർത്തയെ അതുകൊണ്ടു തന്നെ ഏറെ സന്തോഷത്തോടെയാണ് കേട്ടതും. പക്ഷേ ചിത്രത്തിൽ ഗൗതമിന് അഭിനയിക്കാനായില്ല. ഇക്കാര്യം വിനീത് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

നിങ്ങളെല്ലാവർക്കും അറിയാവുന്നതു പോലെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഗൗതം മേനോൻ എത്തേണ്ടിയിരുന്നതാണ്. അദ്ദേഹത്തിൽ നിന്ന് തീയതിയും കിട്ടിയിരുന്നു. ഡിസംബർ ആദ്യവാരം ദുബായിലായിരുന്നു ഷൂട്ടിങ് നടക്കേണ്ടിയിരുന്നത്. അതിന‌ായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതുമാണ്. ആ സമയത്താണ് ചെന്നൈയെ തകർത്ത പ്രളയം സംഭവിക്കുന്നത്. വിമാനത്താവളം അടച്ചിട്ടത്തോടെ ഷൂട്ടങിനായി അദ്ദേഹത്തെ കൊണ്ടുവരാനായാലില്ല. ഷൂട്ടിങ് മാറ്റിവയ്ക്കുവാൻ ഞങ്ങൾക്കും സാധ്യമായിരുന്നില്ല. വളരെ തിരക്കിട്ട ഷെഡ്യൂളിലുള്ള ഷൂട്ടിങ് ആയിരുന്നു ഞങ്ങളുടേത്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലേക്ക് നീങ്ങുമെന്നുള്ളതും ചിത്രീകരണം മാറ്റിവയ്ക്കുന്നതിൽ തടസമായി. വിനീത് ഫേസ്ബുക്കിൽ കുറിച്ചു.

ദൈവകൃപയാൽ ചിത്രത്തിൽ ഗൗതം മേനോൻ ചെയ്യേണ്ടിയിരുന്ന റോൾ മറ്റൊരു നടനിലൂടെ പൂർത്തികരിക്കാനായി. ഷൂട്ടിങ് പൂർത്തിയായി. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. മനോഹരമായി അദ്ദേഹം ആ വേഷം ചെയ്തു തീർത്തു. ഗൗതം മേനോനൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരം എനിക്ക് നഷ്ടമായെങ്കിലും നടന്നതെല്ലാം നല്ലതിനായിരിക്കുമെന്ന ഉറപ്പിലാണ് ഞാൻ. ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

നിവിൻ പോളിയെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രമാണ് ജേക്കബിന്റെ സ്വർഗരാജ്യം. വിനീത് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.