മടക്കയാത്രയിലേക്ക് ക്ഷണിക്കുന്ന ഹല്ലേലൂയ്യ

ഒരു മടക്കയാത്രയെന്ന ടാഗ്‌ലൈൻ ചില പ്രതീക്ഷകൾ നൽകുമെങ്കിൽ ‘ഹല്ലേലൂയ്യ’ ഉറപ്പായും പുതിയ സിനിമകൾക്കിടയിൽ പ്രതീക്ഷാനിർഭരമായിരിക്കും. നാട്ടുശീലങ്ങളുടെ കണ്ടുമറന്ന കഥയും പരിസരവും ഹല്ലേലൂയ്യ ഉറപ്പുനൽകുന്നുവെന്നു പുതുമുഖ സംവിധായകൻ സുധി അന്നയുടെ സാക്ഷ്യം. നരേയ്നാണു നായകൻ. മേഘ്നരാജ് നായികയും.

കഥ നടക്കുന്നത് കണ്ണൂരിലെ ഇരിട്ടിക്കടുത്തു വെളിമാനം എന്ന കൊച്ചുഗ്രാമത്തിലാണ്. കഥ മാത്രമല്ല, അണിയറയിൽ കൂടുതലും കണ്ണൂരിൽ നിന്നുള്ളവരാണ്. വെളിമാനത്തെ ഫാ.ഫ്രാൻസിസ് ദത്തെടുത്തു പഠിപ്പിച്ചു ഫ്രാൻസിലേക്കയച്ച ഡോ.റോയിയുടെ മടങ്ങി വരവും ഗൃഹാതുരമായ ഓർമകളും കളിക്കൂട്ടുകാരിയെ കണ്ടെത്തലുമെല്ലാം ഹല്ലേലൂയ്യയുടെ കരുത്താണ്.

പച്ചപ്പു വിടാത്ത ദൃശ്യഭംഗിയാണു കഥാഗതിയെ കൂടുതൽ സുന്ദരമാക്കുന്നത്. ഗണേഷ് കുമാർ, സുനിൽ സുഖദ, സുധീർ കരമന, പാഷാണം ഷാജി,ശിവജി ഗുരുവായൂർ, നിയാസ് ബക്കർ,സജിതാ മഠത്തിൽ, എറിക്, ദുർഗ, ശശി കലിംഗ, ദേവി അജിത്ത് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ രണ്ടാം വാരം തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാർ.