യൂട്യൂബിനും ‘കലി’ പിടിച്ചു

ദുല്‍ക്കർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രം കലിയുടെ ട്രെയിലർ യൂട്യൂബിൽ തരംഗമാകുന്നു. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടുകഴിഞ്ഞത്.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന ചിത്രത്തിന് ശേഷം സമീർ താഹിറും ദുൽക്കറും ഒന്നിക്കുന്ന ചിത്രമാണ് കലി. പ്രേമം സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ സായി പല്ലവിയാണ് നായിക. സൗബിൻ ഷാഹിറാണ് മറ്റൊരു താരം.

മൂക്കിന്റെ തുമ്പത്ത് ദേഷ്യവുമായി നടക്കുന്ന കഥാപാത്രത്തെയാണ് ദുൽക്കർ അവതരിപ്പിക്കുന്നത്. ഒരു ന്യൂജനറേഷന്‍ ബാങ്കിന്റെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറാണ് സിദ്ധാര്‍ത്ഥ്. ഇയാളുടെ ജീവിതത്തിലെ അഞ്ച് മുതല്‍ 28 വയസ്സ് വരെയുള്ള കാലയളവാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. രാജേഷ് ഗോപിനാഥാണ് തിരക്കഥയും സംഭാഷണവും. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍,ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നു. ചിത്രം മാർച്ച് 26ന് പുറത്തിറങ്ങും.