ദുൽക്കറിന്റെ കമ്മട്ടിപ്പാടം യൂട്യൂബിൽ തരംഗമാകുന്നു

ദുൽക്കറിന്റെ ആക്ഷൻത്രില്ലർ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ടീസർ തരംഗമാകുന്നു. യൂട്യൂബിൽ മെയ് 7ന് റിലീസ് ചെയ്ത ടീസർ ഇതുവരെ കണ്ടത് മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകളാണ്.

29 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ ദുൽക്കറിന്റെ സാൾട് ആൻഡ് പെപ്പർ ലുക്ക് ആണ് ഏറ്റവും ആകർഷണം. വിജയ്‌യുടെ 'തെരി', അജിത്തിന്റെ 'വേതാളം' എന്നീ സിനിമകളുടെ എഡിറ്റര്‍ ആന്റണി.എല്‍.റൂബനാണ് 'കമ്മട്ടിപ്പാടം' ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

യുട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റില്‍ ആറാമതാണ് 'കമ്മട്ടിപ്പാടം' ടീസര്‍. മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രം 'ബ്രഹ്മോത്സവം' ട്രെയ്‌ലര്‍ ആണ് ഒന്നാമത്, രജനിയുടെ 'കബാലി' ടീസർ രണ്ടാമതും.

മുംബൈയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കൃഷ്ണന്‍ എന്ന നാല്‍പത്തിമൂന്നുകാരന്റെ മൂന്നുകാലഘട്ടങ്ങളാണ് ചിത്രം പറയുന്നത്. ഞാൻ സ്റ്റീവ് ലോപ്പസിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പി.ബാലചന്ദ്രന്റേതാണ്.

വിനായകന്‍ , ഷോണ്‍ റൂമി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, അഞ്ജലി അനീഷ്, സൗബിന്‍ ഷാഹിര്‍, പി.പാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, മുത്തുമണി എന്നിവരാണ് മറ്റുതാരങ്ങൾ.