ഒരു ലക്ഷം 'കിസ്മത്'; മനോഹരം ഈ ട്രെയിലർ

പ്രേക്ഷകന്റെ മനസു തൊടാൻ കഴിഞ്ഞാൽ വമ്പൻ പ്രോമോഷനുകളൊന്നും വേണ്ട ഒരു സിനിമ ശ്രദ്ധ നേടുവാൻ എന്നു വീണ്ടും തെളിയിക്കുകയാണ് കിസ്മത് എന്ന ചിത്രം. വലിയ താരനിരകളൊന്നുമില്ലാത്ത ചിത്രത്തിന്റെ ട്രെയിലർ ഒരു ലക്ഷത്തിലധികം പ്രാവശ്യമാണു രണ്ടു ദിവസംകൊണ്ടു ആളുകൾ കണ്ടത്. അഭിനേതാക്കളെ കുറിച്ചും ട്രെയിലറിലെ സംഗീതത്തെ കുറിച്ചും ഡയലോഗുകളെ കുറിച്ചും നല്ല അഭിപ്രായമാണു കണ്ടവർക്കെല്ലാം. മനോരമ ഓൺലൈനാണു ട്രെയിലർ പുറത്തിറക്കിയത്.

എല്ലാത്തിനും അതീതമായ പ്രണയത്തിന്റെ മനോഹാരിതയെ കുറിച്ചും സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ എത്രത്തോളം വെല്ലുവിളി നേരിടേണ്ടി വരും അത് എന്നതിന്റെ യാഥാർഥ്യവല്‍ക്കരണമാണു പ്രേക്ഷകനെ ആകർഷിച്ചത്. പകിട്ടുകളില്ലാത്ത പ്രമേയത്തെ തീർത്തും സാധാരണമായി സുന്ദരമായി അവതരിപ്പിക്കുകയാണു സിനിമ എന്നു പറയുന്നു ട്രെയിലർ. അതുതന്നെയാണു ട്രെയിലറിന് ഇത്രയും ശ്രദ്ധ നേടുവാൻ കാരണം. ശ്രുതി മേനോനും നടൻ അബിയുടെ മകൻ ഷെയിൻ നിഗവുമാണ് നായികയും നായകനും. ഇരുവരുടെയും അഭിനയവും സ്വതസിദ്ധമായതു തന്നെ.

യഥാര്‍ഥ കഥയെ സിനിമയാക്കുന്നത് ഷാനവാസ് കെ. ബാവക്കുട്ടിയാണ്. വിനയ് ഫോർട്ട് ആണു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.