ജോസൂട്ടിയും കോഹിനൂരും എത്തി

ദിലീപ്- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൈഫ് ഓഫ് ജോസൂട്ടിയും ആസിഫ് അലി ചിത്രം കോഹിനൂരും വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

മൈ ബോസി'നു ശേഷം ജീത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാര്‍.

ട്വിസ്റ്റില്ല, സസ്പന്‍സ് ഇല്ല, ഒരു ജീവിതം മാത്രം. ഇതാണ് സിനിമയുടെ ടാഗ് ലൈന്‍. ഒരു കുടിയേറ്റ കര്‍ഷകകുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റൊരാളുടെ തിരക്കഥയില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി. രാജേഷ് വര്‍മ്മയുടേതാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥ.

സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു, ചെമ്പന്‍ വിനോദ്, ഹരീഷ് പിരാടി, ധര്‍മ്മജന്‍, ജ്യോതി കൃഷ്ണ, രചന നാരായണന്‍കുട്ടി, വിജയകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇറോസ് ഇന്‍റര്‍നാഷ്ണല്‍ ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി.

ആസിഫ് അലി നായകനായെത്തുന്ന കോഹിനൂര്‍ വിനയ്‍ ഗോവിന്ദ് സംവിധാനം നിര്‍വഹിക്കുന്നു. ആസിഫ് അലി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ്. ആസിഫ് അലിയും അപർണ്ണ വിനോദും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, റിസബാവ, മാമൂക്കോയ, സുധീർ കരമന, ബിജുക്കുട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. കോഹിനൂരിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്.

ലൂയിസ് വളരെയധികം പ്രതീക്ഷകളും സ്വപ്‌നങ്ങളുമുള്ള ചെറുപ്പക്കാരനാണ് പെട്ടന്ന് പണക്കാരനാകണമെന്നാണ് ലൂയിസിന്റെ മോഹം. അതിനായി ഏത് വഴിയും സ്വീകരിക്കാൻ തയ്യാർ. സിനിമയിലെ അധോലോക നായകന്മാരെ മനസിൽ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ലൂയിസ് തന്റെ ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏതാനും പേർ കൂടി കടന്നു വരുന്നു.

മുബൈയിൽ അധോലോകത്ത് പ്രവർത്തിച്ചിരുന്ന ഹൈദർ, കൊച്ചിയിൽ നിന്നെത്തിയ ഫ്രെഡ്ഡി, ഫ്രെഡ്ഡിയുടെ സുഹൃത്ത് നിക്കോളാസ് എന്നിവരുടെ വരവ് ലൂയിസിന്റെയും ആണ്ടിക്കുഞ്ഞിന്റെയും ജീവിതത്തിലും തുടർന്ന് ചെറുപുഴ ഗ്രാമത്തിലും ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'കോഹിനൂർ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.