കബാലി വിമാനത്തിലെത്തുമ്പോൾ പാവം ‘പാവ’ ഓട്ടോയിൽ എത്തും

കബാലിയെ പേടിച്ച് ബോളിവുഡ് അടക്കമുള്ള ഭാഷകളിലെ വൻ റിലീസുകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ജൂലൈ 22ന് റിലീസാകുന്ന കബാലിക്കൊപ്പം മലയാളത്തിൽ നിന്നൊരു ചിത്രം കൂടി പുറത്തിറങ്ങും. അനൂപ് മേനോനും മുരളി ഗോപിയും പ്രധാനവേഷങ്ങളിലെത്തുന്ന പാവയാണ് ജൂലൈ 22ന് റിലീസിനെത്തുന്നത്.

രജനി ചിത്രമായ കബാലിക്ക് വിമാനത്തിൽ വരെ പ്രചാരണം തകൃതിയായി നടക്കുമ്പോൾ പാവം പാവയ്ക്ക് ഓട്ടോറിക്ഷയിലാണ് പ്രചരണം. നടൻ മുരളി ഗോപി ഇത് സംബന്ധിച്ച രസകരമായൊരു പോസ്റ്ററും തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.

വാർധക്യത്തിലെത്തിയ പാപ്പൻ, വര്‍ക്കി എന്നീ രണ്ടുപേരുടെ ജീവിതമാണ് പാവ പറയുന്നത്. അനൂപ് മേനോന്റെയും മുരളി ഗോപിയുടെയും വേറിട്ട ഗെറ്റപ്പുകൾ തന്നെയാണ് സിനിമയുടെ പ്രധാനആകർഷണം.

സൂരജ് ടോം ആണ് സംവിധാനം. അജീഷ് തോമസ് കഥയും തിരക്കഥയും രചിക്കുന്നു..കെപിഎസി ലളിത, മുത്തുമണി, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ എന്നിവരാണ് മറ്റുതാരങ്ങൾ.