ടൊവീനോയ്ക്കൊപ്പം വരുന്നു, ആടുതോമാപ്പയ്യൻ

യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിനുശേഷം രൂപേഷ് പീതാംബരനും ടോവിനൊ തോമസും വീണ്ടും ഒന്നിക്കുന്നു. യു ടൂ ബ്രൂട്ടസിന്റെ സംവിധായകനായിരുന്നു രൂപേഷെങ്കിൽ ഇത്തവണ നടനായാണ് വരവ്. ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്നാണ് സിനിമയുടെ പേര്. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്.

ക്യാംപസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള കോമഡി ചിത്രമായിരിക്കും ഒരു മെക്‌സിക്കന്‍ അപാരത. വില്ലൻ വേഷത്തിലാകും രൂപേഷ് എത്തുക. സ്ഫടികം എന്ന ചിത്രത്തിൽ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് രൂപേഷ് സിനിമയിൽ അരങ്ങേറിയത്.

ദുല്‍ഖർ സൽമാൻ നായകനായ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധായകനായി. ടൊവീനോ തോമസ്–ശ്രീനിവാസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ യു ടൂ ബ്രൂട്ടസ് ആണ് രൂപേഷ് അവസാനമായി സംവിധാനം ചെയ്ത് ചിത്രം.