മനസ്സിവിടെ വച്ചിട്ടായിരുന്നു അവർ കടൽ കടന്നത്...

തീരത്തേയ്ക്കലച്ചെത്തിയ തിരമാലകളായിരുന്നു അവർ. പൊന്നുവിളയുന്ന കരയെ സ്നേഹിച്ചവർ, നിവൃത്തികേടുകൊണ്ട് മാത്രം തിരികെ പോകാൻ കഴിയാതിരുന്നവർ. പിന്നീടെപ്പോഴൊക്കെയോ തിരിച്ചുപോകാൻ കൊതിച്ചപ്പോൾ തിരിച്ചെടുക്കപ്പെടാതിരുന്നവർ. മൊയ്തീനും നാരായണനും ഗൾഫിലെത്തി വർഷങ്ങളേറെക്കഴിഞ്ഞിരിക്കുന്നു. ജീവിതസായാഹ്നത്തിന്റെ നാളുകളിലൊന്നിൽ അവർ ഒന്നുകൂടി ആ കരയിൽ വന്നു. ഒരിക്കൽ ഒഴിഞ്ഞ കീശയും സ്വപ്നം നിറച്ച മനസ്സും മാത്രമായി കാലുകുത്തിയ ഖോർഫക്കാനിലെ അതേ കടൽത്തീരത്ത്: ‘ആരായിരിക്കും ആദ്യമായി ഈ കടൽത്തീരത്ത് കാലുകുത്തിയ മലയാളി...?’ അതു ചോദിക്കുമ്പോൾ നാരായണന് ഒരു കൊച്ചുകുട്ടിയുടെ കൗതുകം. ‘അതാരായാലും നാടുകാണാൻ വന്നവരായിരിക്കില്ല...’എന്ന് മൊയ്തീന്റെ മറുപടി. വീട്ടിലെമ്പാടും പട്ടിണിയും പുരനിറഞ്ഞു നിൽക്കുന്ന പെങ്ങന്മാരുമുള്ള ഒരാളായിരിക്കും അതെന്നും മൊയ്തീന് ഉറപ്പ്.

പത്തേമാരിക്കൊപ്പം നാം തുഴഞ്ഞ ഓരോ നിമിഷത്തിലും തോന്നും മൊയ്തീന്റെ ഈ വാക്കുകൾ സത്യമായിരുന്നുവെന്ന്. ആദ്യമായി ഗൾഫിലേക്കെത്തുമ്പോൾ പള്ളിക്കൽ നാരായണനും അങ്ങനെത്തന്നെയായിരുന്നു. പട്ടിണിയും പച്ചവെള്ളവും കൊണ്ട് വിശപ്പടക്കേണ്ടി വന്ന വീട്ടിൽ നിന്ന് നാരായണൻ ഒളിച്ചോടിയത് പക്ഷേ സ്വന്തം ജീവിതം തീരത്തടുപ്പിക്കാനായിരുന്നില്ല. ഗതികിട്ടാതെ ഒരു കടൽക്കാറ്റിനെപ്പോലെ അലയേണ്ടി വരുമായിരുന്ന കൂടപ്പിറപ്പുകളുടെ ജീവിതത്തിന് നേരായ ദിശ കാണിക്കാനായിരുന്നു. ചിത്രത്തിലൊരിടത്ത് ഗൾഫിലെ ഹോട്ടലുകളിലൊന്നിലെ പോസ്റ്റ് ബോക്സിനെ ചൂണ്ടിക്കാട്ടി ഒരാൾ പറയുന്നുണ്ട്– ‘അതുകണ്ടോ നിങ്ങൾ...? അതുനിറയെ പ്രശ്നങ്ങളും പരാതികളും മാത്രമാണ്...’

സത്യമാണ്. എല്ലാം വിട്ടെറിഞ്ഞു പോന്ന ആ കാലത്ത് നാടിന്റെ ഒച്ചയൊന്നു കേൾക്കാൻ ഫോണോരത്ത് കൊതിയോടെ നിന്നവരെ തേടിവന്നത് പരിഭവങ്ങളും പരാതികളും മാത്രമായിരുന്നു. സംസാരിക്കുമ്പോൾ അമ്മ പോലും ആദ്യം ചോദിക്കുന്നത് ‘മോനേ നിനക്ക് സുഖമാണോ’ എന്നല്ല ‘നീ വിമലയെ വിളിച്ചിരുന്നോ അവളുടെ കാര്യം കഷ്ടത്തിലാണ്’ എന്നാണ്. ഭാര്യയ്ക്കു പോലും പറയാൻ സങ്കടങ്ങളേയുള്ളൂ. കാശിനെയാണോ അവർ സ്നേഹിക്കുന്നതെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. മനസ്സുനിറയ്ക്കാൻ നാട്ടിലേക്കു വിളിക്കുന്ന എത്രയെത്ര പ്രവാസികൾ മരവിച്ച മനസ്സുമായി വിറകൈകളോടെ ഫോൺ തിരികെ വച്ച് ഇങ്ങനെ മടങ്ങിപ്പോയിട്ടുണ്ടാകും...?

ആ വിറങ്ങലിപ്പുമായി 50 വർഷത്തോളമാണ് നാരായണൻ ഗൾഫിനോടും ജീവിതത്തോടും മല്ലിട്ടത്. അരനൂറ്റാണ്ട് എന്നത് ഒരു ചെറിയ കാലമല്ല. അതിനിടെ ലോകം മുഴുവൻ മാറി. കത്തുകൾ മാറി ഫോണായി, ഓഡിയോ കാസറ്റുകൾ വിഡിയോയിലേക്ക് മാറി, നാരായണന്റെ ചുറ്റിലുമുള്ളവരിൽ ചിലർ വീണു, ചിലർ പിടിച്ചു നിന്നു, മറ്റുചിലർ പിടിച്ചടക്കി. അതിനിടയിൽ തലമുടിയിഴകളിലെ കറുപ്പ് വെളുപ്പിലേക്കു മാറിയെന്ന മാറ്റം മാത്രമായി നാരായണനും.

‘പത്തേമാരി’യിൽ കയറിയ ഓരോ നിമിഷത്തിലും തോന്നിയത് ഇതാണോ പ്രവാസജീവിതമെന്നതായിരുന്നു. പിന്നീടെപ്പോഴോ തിരിച്ചറിഞ്ഞു, കടൽ കടന്നു പോകുന്നതു മാത്രമല്ല പ്രവാസമെന്ന്. അങ്ങനെ പോകുന്നവരുടെ കഥയല്ല ഇതെന്ന്. പ്രിയപ്പെട്ടവരുടെ കൺവെട്ടത്തു നിന്ന് ചിലനാഴികനേരത്തേക്കെങ്കിലും മാറുന്നവരെല്ലാം നയിക്കുന്നത് ഒരുതരം പ്രവാസ ജീവിതമാണ്. തിരികെ അവർക്കരികിലേക്ക് എത്താനായിരുന്നെങ്കിലെന്ന് കൊതിപ്പിക്കുന്ന ഓരോ നിമിഷത്തിലും നാം അനുഭവിക്കുന്നത് പ്രവാസത്തിന്റെ ആ വേദനയാണ്. അങ്ങനെ ഒരനുഭവമെങ്കിലും ഇല്ലാത്തവർ ലോകത്ത് ആരുണ്ടാകും? ‘ഞാനിപ്പോഴിങ്ങ് തിരിച്ചു വരില്ലേ...’ എന്നാശ്വസിപ്പിച്ച് പ്രിയതമയുടെ, അമ്മയുടെ, അനിയത്തിയുടെ കണ്ണുനീർ തുടച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാകുമോ...? ആ അർഥത്തിൽ ഈ സിനിമ എല്ലാവരുടെയും അനുഭവമാണ്. അതുകൊണ്ടുതന്നെയാകണം ചില നേരങ്ങളിൽ ‘പത്തേമാരി’ ഒരു ചലിക്കുന്ന സത്യമാണെന്നു പോലും വിശ്വസിച്ച് കണ്ണുനിറഞ്ഞുപോകുന്നതും.

മണലാരണ്യത്തിലെ വെയിലിൽ വിയർത്തൊഴുകുമ്പോൾ ഓരോ പ്രവാസിക്കും ഒരാശ്വാസമേയുള്ളൂ. ആ വിയർപ്പുതുള്ളി വന്നു വീഴുന്ന ജീവിതങ്ങളിൽ അത് പകരുന്നത് നേർത്ത തണുപ്പാണല്ലോ എന്ന്. കടലിനപ്പുറത്തെ കാഴ്ചകളെക്കാളും തിരിച്ചുവരവുകളാണ് പത്തേമാരിയിലേറെയും. ആദ്യം നാരായണനെ കാത്തിരിക്കാൻ ഒട്ടേറെപ്പേരുണ്ടായിരുന്നു. അന്ന് അവരുടെയെല്ലാം ജീവിതം നാരായണനെന്ന ഏക ആശ്വാസഗ്രഹത്തെ ചുറ്റിയായിരുന്നു. പിന്നെപ്പിന്നെ അവർക്കൊന്നും തികയാതെയായി, കണക്കുപറഞ്ഞ് വാങ്ങാന്‍ തുടങ്ങി. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ പിന്നെ അവർക്ക് നാരായണൻ ഇടയ്ക്കിടെ വന്നുപോകുന്ന വെറും വിരുന്നുകാരൻ മാത്രം. ഒന്നു മിണ്ടാൻ ഭാര്യയ്ക്കു പോലും നേരമില്ല. വിവാഹം കഴിഞ്ഞ് ആദ്യമായി ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ ഒരു തൂണിനപ്പുറത്തുനിന്ന് കണ്ണെറിഞ്ഞു കൊതിപ്പിച്ചവളാണ്. പക്ഷേ പിന്നീടെപ്പോഴോ അവൾ മാത്രമാണ് പ്രവാസത്തിനും സ്വപ്നജീവിതത്തിനുമിടയിൽ നാരായണൻ നയിച്ച ആ വിരഹവേദനയെ തിരിച്ചറിയുന്നതും. അല്ല, ഒരാളു കൂടിയുണ്ട്. ലോഞ്ചിലേറി കടൽ കടന്ന നാളുമുതൽ ഒപ്പമുണ്ടായിരുന്ന പ്രിയ കൂട്ടുകാരൻ മൊയ്തീൻ

ജീവിതത്തെയും മരണത്തെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമെല്ലാം ഒരു കടൽദൂരം കൊണ്ട് അളന്നെടുത്താണ് ഓരോ പ്രവാസിയും കിതച്ചു തീരുന്നതെന്ന് ഓർമിപ്പിക്കും പത്തേമാരി. ‘ഷെയ്ഖ് മ്മടെ വലം കയ്യല്ലേ...’എന്നു ബഡായിയടിക്കുന്ന ഇടവേളയിലെ കോമാളിയല്ല ഈ ചിത്രത്തിൽ പ്രവാസി. മറിച്ച് ദൈവത്തിന്റെ ചരടുവലികൾക്കിടയിൽപ്പെട്ട് നിസ്സഹായനായിപ്പോകുന്ന ഒരു പാവം. സലിം അഹമ്മദ് തിരശീലയിൽ എഴുതിവച്ചതു കടമെടുത്തുതന്നെ പറയാം; ‘കടൽ കടക്കുന്നത് ഓരോ പ്രവാസിയുടെയും ശരീരം മാത്രമാണ്, മനസ്സിപ്പോഴും പിറന്നമണ്ണിൽത്തന്നെയാ...’ ഹൃദയത്തിന്റെ ഓരോ ഇഞ്ചിലും ഈ വാക്കുകളുടെ വിങ്ങലനുഭവിപ്പിക്കും പത്തേമാരി. ഒന്നുറപ്പ്, സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഈ സ്വപ്നം നിറച്ച വഞ്ചി നിങ്ങളുടെ കണ്ണുനീരാഴങ്ങളിലെവിടെയോ നങ്കൂരമിട്ടു കിടപ്പുണ്ടാകും, ഒരുപക്ഷേ അത് വല്ലാത്തൊരു വേദന സമ്മാനിച്ച് കൊളുത്തിവലിക്കുക പോലുമുണ്ടാകും...