അർദ്ധനഗ്നരായി മത്സരാര്‍ത്ഥികള്‍; പ്രസന്നയുടെ റിയാലിറ്റി ഷോ അതിരുകടക്കുന്നുവെന്ന് വിമർശനം

ആര്യയുടെ വധുവിനെ കണ്ടുപിടിക്കാനുള്ള റിയാലിറ്റി ഷോ എങ്കെ വീട്ടു മാപ്പിളൈ തൊടുത്തുവിട്ട വിവാദം അവസാനിക്കുന്നതിന് മുമ്പേ തമിഴകത്തുനിന്നും മറ്റൊരു റിയാലിറ്റി ഷോ. സൊപ്പന സുന്ദരി എന്ന പുതിയ റിയാലിറ്റി ഷോ വിവാദമാകുന്നത് അതിലെ അശ്ലീല പ്രദർശനങ്ങൾ കൊണ്ടാണ്.

മോഡലുകളായ പത്ത് മത്സരാര്‍ത്ഥികളില്‍ നിന്നും തമിഴകത്തെ ടോപ് മോഡല്‍ ആരാണെന്ന് കണ്ടെത്തുന്നതാണ് ഷോ. ഇതിനായി നിരവധി മത്സരങ്ങളും ടാസ്‌കുകളും നല്‍കുന്നുണ്ട്. പരിപാടിയുടെ അവതാരകനായി എത്തുന്നത് നടന്‍ പ്രസന്നയാണ്. മലയാളിയായ പാർവതി നായര്‍, സാക്ഷി അഗർവാൾ എന്നിവരാണ് പരിപാടിയുടെ മെന്റേ്ർസ്.

ഗ്ലാമര്‍ വേഷങ്ങളിലാണ് മത്സരാര്‍ത്ഥികളെ പരിപാടിയില്‍ കാണിക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത ഇത്തരം രീതികള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിഗ് ബോസിനു സമാനമായ അന്തരീക്ഷമാണ് മത്സരാർത്ഥികൾക്ക് ഒരുക്കിയിരിക്കുന്നത്. എന്നാൽ അണിയേണ്ടത് ഗ്ലാമര്‌ വസ്ത്രങ്ങളാണെന്നതാണ് പരിപാടിയുടെ മറ്റൊരു വശം.

ഹോളിവുഡ് സ്‌റ്റൈലില്‍ ബിക്കിനി ഫോട്ടോഷൂട്ട്, അർദ്ധനഗ്ന ഫോട്ടോഷൂട്ട് ഇവയൊക്കെ പരിപാടിയുടെ ഭാഗമാണ്. വിദേശ രീതിയിലുള്ള ഇത്തരം വള്‍ഗറായ പ്രോഗ്രാം ഇവിടെ അനുവദിക്കില്ലെന്ന് ചിലര്‍ പറഞ്ഞു. കടുത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നിലവാരമില്ലാത്ത പരിപാടി നിര്‍ത്തണമെന്ന് പലരും ആവശ്യപ്പെട്ടു.

യുട്യൂബില്‍ അപ്‍‌ലോഡ് ചെയ്ത ചാനലുകളുടെ എപ്പിസോഡുകൾക്ക് നേരെ ഡിസ്‌ലൈക്ക് ആക്രമണവും ഉണ്ട്.