നയൻതാര ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

തമിഴകത്തിന്റ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാകുന്ന പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്. താരം പ്രധാനവേഷത്തിലെത്തുന്ന ഹൊറർ ത്രില്ലർ ‘ഡോറ’യ്ക്കാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്. 

ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ഒരു ഹൊറർ ത്രില്ലറാണ്. സിനിമയിലെ ഹൊറർ രംഗങ്ങളുടെ ഭീകരത മൂലമാണ് എ സർട്ടിഫിക്കറ്റ് നൽകാൻ കാരണമായത്. എ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. 

സെൻസർ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റിയെ ബന്ധപ്പെടാനും അണിയറപ്രവർത്തകർ തീരുമാനിക്കുന്നുണ്ട്. മാർച്ച് 24നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 

മായ എന്ന ഹൊറർത്രില്ലറിന്റെ വിജയത്തിന് ശേഷം നയൻതാര പ്രധാനവേഷത്തിലെത്തുന്ന ഹൊറർ ത്രില്ലറാണ് ഡോറ. സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.