സെൽഫി എടുക്കാൻ പഠിക്കുന്ന രജനീകാന്ത്; വൈറൽ വിഡിയോ

രജനീകാന്ത് എന്ന നടനെ നമ്മൾ ഒരുപാടിഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ലാളിത്യം കൊണ്ടു കൂടിയാണ്. ആരാധകരോട് ഇടപഴകുന്ന രീതിയും നിലപാടുകളിലെ നിഷ്കളങ്കതയും അഭിമുഖങ്ങളിലും മറ്റും നമ്മൾ അറിഞ്ഞതുമാണ്. ആ ഇഷ്ടം ഒന്നുകൂടി കൂടും ഈ വിഡിയോ കണ്ടാൽ. സോഷ്യൽ മീഡിയകളിൽ താരങ്ങളെല്ലാം സെൽഫികളും സെൽഫി വിഡിയോകളും ലൈവ് വിഡിയോകളുമായി തകർത്ത് നടക്കുമ്പോൾ രജനീകാന്ത് സെൽഫി വിഡിയോ എടുക്കാൻ പഠിക്കുകയാണ്. അമേരിക്കയില്‍ ചികിത്സയ്ക്കെത്തിയ അദ്ദേഹം കാർ യാത്രയ്ക്കിടെ സെൽഫിയെടുക്കാൻ പഠിക്കുന്ന വിഡിയോ രസകരമാണ്.

സെൽഫി വിഡിയോ റെക്കോർഡ് ചെയ്യാൻ ഈ ചുവന്ന ബട്ടണിൽ തന്നെയല്ലേ അമർത്തേണ്ടത് എന്ന് തലൈവർ കാർ ഒാടിക്കുന്ന സുഹൃത്തിനോട് ചോദിക്കുന്നത് കേൾക്കാം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയെ ക്യൂട്ട് എന്നാണ് പലരും വിശേഷിപ്പിച്ചത്. രജനീകാന്തിന്റെ നിഷ്കളങ്കമായ ചോദ്യമാണ് എല്ലാവർക്കും ഏറ്റവും ഇഷ്ടമായത്.

ഇതിനു മുൻപൊരിക്കൽ അമേരിക്കയിലെത്തി നടക്കാനിറങ്ങിയപ്പോൾ തന്നെ ആവേശത്തോടെ വിളിച്ച വഴിയാത്രക്കാരോട് രജനീകാന്ത് കൈവീശി കാണിച്ച് കുശലം ചോദിക്കുന്ന വിഡിയോയും ഇതുപോലെ വൈറലായിരുന്നു. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കാലാ’, ശങ്കർ സംവിധാനം ചെയ്യുന്ന യന്തിരൻ എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ.