മുഖം മറച്ച് പ്രഭാസ്; സാഹോ ഫസ്റ്റ്ലുക്ക്

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് ആരാധകര്‍ക്കായി ഇന്നു തന്നെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രഭാസിന്റെ 19ാമത്തെ സിനിമ കൂടിയാണിത്. 

150 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങ് ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന ചിത്രം നടന്റെ കരിയറിലെ പ്രധാനവെല്ലുവിളി കൂടിയാണ്. ഈ ചിത്രത്തിന്റെ ജയപരാജയത്തിൽ നിന്നാകും പ്രഭാസിന്റെ അടുത്ത കരിയർ ആരംഭിക്കുക.

ശങ്കർ എഹ്സാൻ ലോയി ആണ് സംഗീതം. ഛായാഗ്രഹണം മധി. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിലാണ് ആർട്. യുവി ക്രിയേഷൻസ് ആണ് നിർമാണം. നീൽ നിഥിൻ മുകേഷ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ്, തെന്നിന്ത്യൻ സുന്ദരികൾ അണിനിരക്കുന്നു.