ഇനിയൊരു ബാഹുബലിയാകാനില്ല: പ്രഭാസ്

ബാഹുബലിക്കായി പ്രഭാസ് കഷ്ടപ്പെട്ടത് അഞ്ചുവർഷത്തോളമാണ്. ആദ്യ ഭാഗമിറങ്ങി ഒന്നര വർഷത്തിനു ശേഷമാണ് ബാഹുബലിയുടെ രണ്ടാം പതിപ്പ് ഇറങ്ങുന്നത്. 2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് പിന്നീട് നാല് വർഷം മറ്റൊരു സിനിമയിലും കരാർ ഒപ്പിട്ടിരുന്നുമില്ല.

എന്നാൽ ഇനിയൊരു ചിത്രത്തിനായി ഇത്രയധികം സമയം നൽകില്ലെന്ന് പ്രഭാസ് പറഞ്ഞു. ‘നടന്മാർക്ക്  വളരെ കുറച്ചുസമയമാണുള്ളത്. ഞങ്ങൾക്കും ഒരവസാനമുണ്ട്. ഒരു പ്രോജക്ടിനായി മാത്രം ഇനിയൊരു അഞ്ച് വർഷം നൽകില്ല. ഇനി അഥവാ നൽകുകയാണെങ്കിൽ തന്നെ അതിനൊപ്പം മറ്റു ചിത്രങ്ങൾ കൂടി ചെയ്യും. കാരണം നടന്മാരെ സംബന്ധിച്ചടത്തോളം പ്രായം വലിയൊരു ഘടകമാണ്.–പ്രഭാസ് പറഞ്ഞു.

‘ബാഹുബലി പോലൊരു സിനിമ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ഞാൻ ഇപ്പോൾ തിരഞ്ഞെടുക്കുന്ന സിനിമകൾക്കും യൂണിവേർസൽ സ്വഭാവമുണ്ട്. ലോകം മുഴുവനുള്ള എന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമ ചെയ്യാനാണ് ശ്രമിക്കുന്നത്.’–പ്രഭാസ് വ്യക്തമാക്കി.