സാഹോയിൽ പ്രഭാസിന് വില്ലൻ ലാൽ?

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. പ്രഭാസിന്റെ 19ാമത്തെ സിനിമ കൂടിയാണിത്. സിനിമയുടേതായ ഓരോ വാർത്തകളും വലിയ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് സിനിമാലോകം ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മലയാളികൾക്കും അഭിമാനിക്കാൻ ഒരു വാർത്ത. 

നടന്‍ ലാല്‍ ആണ് സഹോയില്‍ പ്രഭാസിനൊപ്പം പ്രധാനവേഷം ചെയ്യുന്നു. നിലവില്‍ അബുദാബിയില്‍ നിന്നും ചിത്രീകരണം നടക്കുന്ന സിനിമയില്‍ ലാലും ജോയിന്‍ ചെയ്തിരുന്നു. സംവിധായകനും പ്രഭാസിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ലാല്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ബോളിവുഡ് നടൻ നീൽ നിഥിനൊപ്പം സാഹോയിൽ ലാൽ വില്ലനായാണ് എത്തുന്നതെന്നും വാർത്തയുണ്ട്. 

ആദ്യമായിട്ടാണ് പ്രഭാസിനൊപ്പം അഭിനയിക്കുന്നതെങ്കിലും ഇതിന് മുന്‍പ് തെലുങ്കില്‍ രണ്ട് സിനിമകളിൽ ലാൽ അഭിനയിച്ചിട്ടുണ്ട്. 

200 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങ് ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന ചിത്രം നടന്റെ കരിയറിലെ പ്രധാനവെല്ലുവിളി കൂടിയാണ്. ഈ ചിത്രത്തിന്റെ ജയപരാജയത്തിൽ നിന്നാകും പ്രഭാസിന്റെ അടുത്ത കരിയർ ആരംഭിക്കുക.  ചിത്രത്തിൽ ബോളിവുഡ്, തെന്നിന്ത്യൻ സുന്ദരികൾ അണിനിരക്കുന്നു. 

കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഹങ്ങളാകും സാഹോയുടെ പ്രധാന ഹൈലേറ്റ്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകര്‍ത്തതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്റ്റണ്ട് രംഗം യഥാര്‍ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന സംവിധായകൻ സുജീതിന്റെ  നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ചിത്രീകരണം. 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് ചിത്രീകരണത്തിനായി തകര്‍ത്തതെന്നാണ് വിവരം. സാധാരണ കമ്പ്യൂട്ടര്‍ ജനറേറ്റജ് ഇമേജറി (സിജിഐ) ആണ് 70 ശതമാനത്തോളം ഇത്തരം രംഗങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇൗ ചിത്രത്തിനായി എല്ലാം യഥാര്‍ഥമായി ചിത്രീകരിക്കുകയായിരുന്നെന്ന് പ്രഭാസ് പറയുന്നു.  കെന്നി ബേറ്റ്സ് ആണ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ചെലവഴിക്കുന്നത്. 

ശങ്കർ എഹ്സാൻ ലോയി ആണ് സംഗീതം. ഛായാഗ്രഹണം മധി. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിലാണ് ആർട്. യുവി ക്രിയേഷൻസ് ആണ് നിർമാണം. ബോളിവുഡ് നടി ശ്രദ്ധ കപൂർ ആണ് നായിക.