ശങ്കറിനെയും വിജയ്‌യെയും സൂര്യയെയും ട്രോളി തമിഴ്പടം 2 ടീസർ

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗം തമിഴ്പടം 2 ടീസർ പുറത്തിറങ്ങി. തമിഴിലെ സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ സകലമാന സിനിമകളെയും ട്രോളിക്കൊന്നാണ് ടീസറിന്റെ വരവ്.

തുപ്പറിവാലൻ, മങ്കാത്ത, വിവേഗം, മേർസൽ, തുപ്പാക്കി, വിക്രംവേദ, 24 അങ്ങനെ മിക്ക ചിത്രങ്ങളുടെയും സ്പൂഫ് രംഗങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിഎസ് അമുദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവയാണ് നായകൻ. ദിഷ പാണ്ഡെ, ഐശ്വര്യ മേനോൻ, സതീഷ്, മനോബാല, കസ്തൂതി എന്നിവരും മറ്റുതാരങ്ങളാണ്. 

തമിഴ് റോക്കേർസിനെ ട്രോളിയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇവർ പുറത്തിറക്കിയത്. ടീസറിന് മുന്നോടിയായി ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യെയും അണിയറപ്രവർത്തകർ പരിഹസിച്ചിരുന്നു. 

2.0യുടെ ടീസർ ഐപിഎൽ ഫൈനൽ മത്സരവേദിയിൽ കാണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ചിലസാങ്കേതികകാരണങ്ങളാൽ അത് മാറ്റിവെയ്ക്കുകയാണെന്നും അവർ പിന്നീട് അറിയിച്ചു. സിജിഐ, ഗ്രാഫിക്സ് വർക്കുകൾ മുഴുവനായി തീരാത്തതുകൊണ്ടാണ് മാറ്റിവെയ്ക്കേണ്ടി വന്നത്.

ഇവർ ഈ സന്ദർഭവും പ്രചാരണതന്ത്രമാക്കി. തമിഴ്പടം 2വിനും വലിയ രീതിയിൽ വിഷ്വൽ ഇഫക്ട്്സ് ബാക്കി ഉണ്ട്. കാരണം അതിലെ പ്രമുഖതാരങ്ങളെയെല്ലാം നല്ല വെളിച്ചത്തിൽ തന്നെ കാണിക്കണം. നായകന്റെ മസിൽ, ബോഡിപാർട്ട്സ് ഇവയുടെ വർക്ക് അമേരിക്കയിൽ നടക്കുകയാണ്. നടിയുടെ കണ്ണും പുരികവും മറ്റും മാറ്റിവെയ്ക്കൽ ആംസ്റ്റർഡാമിലും. ഇത്രയും വലിയ വിഎഫ്എക്സ് പൂർത്തികരിക്കാനുള്ളതുകൊണ്ട് ഞങ്ങൾ റിലീസ് കുറച്ച് മുന്നോട്ട് വെയ്ക്കുകയാണ്.’–ഇങ്ങനെയായിരുന്നു ഐപിഎൽ ഫൈനൽ സമയത്ത് തമിഴ്പടം 2 ടീം പുറത്തിറക്കിയ കുറിപ്പ്.

എന്താണ് സ്പൂഫ് സിനിമ

ആക്ഷേപഹാസ്യം അഥവാ പാരഡി ഗണത്തില്‍പ്പെടുന്ന സിനിമകളെയാാണ് സ്പൂഫ് സിനിമകള്‍ എന്നു വിളിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ ഒരു സിനിമ കടമെടുത്ത് മറ്റൊരു സിനിമ ചെയ്യുക. ഒരു പാട്ടിന് പാരഡി പാട്ടുണ്ടാക്കുന്നതു പോലെ. 

പല സിനിമകളില്‍ നിന്നുള്ള പ്രശസ്തമായ കഥാപാത്രങ്ങളെയും രംഗങ്ങളെയും കളിയാക്കി പുനരവതരിപ്പിച്ച് മറ്റൊരു സിനിമയില്‍ കൊണ്ടുവരുന്നതാണ് സ്പൂഫ് സിനിമകള്‍. ഹോളിവുഡിലാണ് ഇത്തരം പരീക്ഷണങ്ങള്‍ ആദ്യം നടന്നത്. സ്കേറി മൂവിയാണ് ഈ വിഭാഗത്തിലെ ആദ്യ ചിത്രം. എപിക് മൂവി, മീറ്റ് ദ് സ്പാര്‍ട്ടന്‍സ്, ഡിസാസ്റ്റര്‍ മൂവി ഇവയെല്ലാം ഹോളിവുഡിലെ മികച്ച സ്പൂഫ് സിനിമകളാണ്. 

സ്പൂഫ് അല്ലെങ്കില്‍ ഹാസ്യാനുകരണ സ്വഭാവത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ കുറവാണ്. ശശാങ്ക് ഘോഷിന്റെ ഹിന്ദി ചിത്രമായ ക്വിക് ഗണ്‍ മുരുകന്‍, തമിഴില്‍ സി വി അമുദന്റെ തമിഴ് പടം എന്നിവയാണ് ഇന്ത്യന്‍ സിനിമയില്‍ എടുത്തുപറയേണ്ട സ്പൂഫ് ചിത്രങ്ങള്‍. 

മലയാളത്തിൽ ചിറകൊടിഞ്ഞ കിനാവുകൾ എടുക്കാം. മലയാളികള്‍ക്ക് മറക്കാനാകാത്ത രംഗങ്ങളുടെ ക്ളീഷേ അവതരണം, ഇപ്പോഴും തുടര്‍ന്നുകൊണ്ടുപോകുന്ന പതിവ് സിനിമാരീതികള്‍ എന്നിവയാണ് ചിറകൊടിഞ്ഞ കിനാവുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. മംഗലശ്ശേരി നീലകണ്ഡന്‍, ഗോഡ്ഫാദര്‍ , കല്യാണരാമന്‍ സിനിമകളിലെ ക്ളൈമാക്സ് , വരിക്കാശേരി മന തുടങ്ങി ബാംഗൂര്‍ ഡെയ്സിന്റെ വരെ പാരഡി വരെ സിനിമയിലൂടെ വന്നുപോകുന്നു. 

മലയാളത്തിലെ മുഴുനീള സ്പൂഫ് സിനിമ ചിറകൊടിഞ്ഞ കിനാവുകളാണെങ്കിലും ഇതിന് മുന്‍പും ഉദയനാണ് താരം പോലുള്ള സിനിമകളില്‍ ചെറിയ പരീക്ഷണങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. പ്രശസ്തമായ കഥാപാത്രങ്ങളെയും അവരുടെ സംഭാഷണങ്ങളും വേറെ സിനിമകളിലും ഉപയോഗിച്ച് കണ്ടിട്ടില്ലേ. ഇവയൊക്കെ ഒരു സ്പൂഫ് തന്നെയാണ്.