ലോറൻസിന്റെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീ റെഡ്ഡി

നടനും സംവിധായകനുമായ ലോറന്‍സിന്റെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീ റെഡ്ഡി. വിഡിയോ സന്ദേശത്തിലൂടെയാണ് ലോറൻസിന് മറുപടി നൽകുന്നുവെന്ന് പറഞ്ഞ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. ‌

അഭിനയത്തിൽ കഴിവ് തെളിയിച്ചാൽ സിനിമയിൽ അവസരം നൽകാമെന്ന് ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണത്തിന് മറുപടിയായി ലോറൻസ് പറഞ്ഞിരുന്നു. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ശ്രീ റെഡ്ഡിയോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ലോറൻസ് പറഞ്ഞിരുന്നു. കൂടാതെ ഒരു രംഗം തന്നാൽ അത് തന്റെ മുന്നിൽ അഭിനയിച്ച് കഴിവ് പ്രകടിപ്പിക്കൂ എന്നും അതിന് സാധിച്ചാൽ അടുത്ത ചിത്രത്തിൽ ഒരു കഥാപാത്രം ശ്രീ റെ‍ഡ്ഡിക്ക് നൽകുമെന്നും ലോറൻസ് പറയുകയുണ്ടായി.

‘മുമ്പ് ഞാന്‍ ഒരുപാട് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ലോറന്‍സിന്റെ ഈ ചലഞ്ച് ഞാന്‍ ഏറ്റെടുക്കുന്നു. എന്നെ ആരും സപ്പോര്‍ട്ട് ചെയ്യില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. മറ്റെല്ലാവരും നിശബ്ദരായി പ്രതികരിക്കാതെ ഇരിക്കുന്ന സമയത്ത് ലോറന്‍സ് മാസ്റ്റര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. എനിക്ക് സിനിമയില്‍ അവസരം തരാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചെറിയ വേഷങ്ങളൊന്നും എനിക്ക് ആവശ്യമില്ല. നായികാ വേഷം തന്നെ നല്‍കണം. റിബെലിന്റെ ചിത്രീകരണ സമയത്തും എനിക്ക് നായികാവേഷം നല്‍കാമെന്ന് ലോറന്‍സ് പറഞ്ഞിരുന്നു.’–ശ്രീ റെഡ്ഡി പറയുന്നു.

‘ഇപ്പോള്‍ ഞാന്‍ ചെന്നൈയില്‍ ഇല്ല. ഞാന്‍ അവിടേക്ക് തിരിച്ചെത്തിയാല്‍ ഇതിനെ കുറിച്ച് പ്ലാന്‍ ചെയ്യാം. എന്റെ ഫെയ്‌സ്ബുക്ക് ലോറന്‍സ് മാസ്റ്റര്‍ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെലുങ്കിലും തമിഴിലും വേറെയും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് വെളിപ്പെടുത്താന്‍ സമയമായില്ല’ ശ്രീറെഡ്ഡി വ്യക്തമാക്കി