ആരാധകര്‍ അതിരുവിട്ടു; സൂര്യ കാരവനിൽ കുടുങ്ങി

സൂര്യയെ കാണാനുള്ള ആരാധകരുടെ തിക്കും തിരക്കും കാരണം സിനിമയുടെ ചിത്രീകരണം നിർത്തിവെയ്ക്കേണ്ടി വന്നു. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ‘എൻജികെ’യുടെ ഷൂട്ടിങ് ആണ് നിർത്തിവെച്ചത്.

ആന്ധ്രപ്രദേശിലെ രാജമുന്ദ്രി എന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. സൂര്യയെ കാണുന്നതിനായി ആരാധകര്‍ പട്ടണത്തിൽ തടിച്ചുകൂടിയിരുന്നു. നാലഞ്ച് പോലീസുകാരും ലൊക്കേഷനിലുണ്ടായിരുന്നു. എന്നാല്‍ ആളുകൾ റോഡിൽ നിറഞ്ഞതോടെ കാരവന് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമായി.

കാരവനില്‍ നിന്നും ഇറങ്ങിയ സൂര്യ ചിത്രീകരണ സ്ഥലത്തേക്ക് നടന്ന് നീങ്ങിയതോടെ ആളുകൾ കൂട്ടത്തോടെ ഇരച്ചെത്തി. രാജു ഭായ് ഉള്‍പ്പെടെയുള്ള സൂര്യ കഥാപാത്രങ്ങളുടെ പേര് വിളിച്ചായിരുന്നു ആരാധകര്‍ അദ്ദേഹത്തിനടുത്തേക്ക് പാഞ്ഞടുത്തത്.

സൂര്യയെ കാണുന്നതിനും സെല്‍ഫി എടുക്കുന്നതിനും ഷേക്ക് ഹാന്‍ഡ് നല്‍കുന്നതിനും തൊട്ടു നോക്കുന്നതിനുമായി ആരാധകര്‍ മത്സരിച്ചതോടെ സൂര്യയ്ക്ക് മുന്നോട്ട് നീങ്ങാന്‍ പറ്റാത്ത സാഹചര്യമായി. അതോടെ കാരവനിലേയ്ക്ക് തന്നെ താരം തിരികെ മടങ്ങി ആരാധകരെ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ സിനിമയുടെ ചിത്രീകരണവും നിര്‍ത്തി വച്ചു. 

കൂടൂതല്‍ സുരക്ഷ ഒരുക്കിയുതിന് ശേഷമായിരിക്കും ചിത്രീകരണം തുടരുക. രാജമുന്ദ്രിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന കാര്യം രണ്ട് ദിവസം മുമ്പ് സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് സ്ഥലത്ത് ആരാധകർ തടിച്ചുകൂടിയത്.

സൂര്യയുടെ 36ാമത്തെ ചിത്രമാണ് ‘എൻജികെ’. സായി പല്ലവി, രാകുല്‍ പ്രീത് എന്നിവരാണ് നായികമാര്‍.