‌രാക്ഷസൻ ഗംഭീരം; വില്ലൻ ആരെന്ന് രജനീകാന്ത്

തമിഴ് ചിത്രം ‘രാക്ഷസൻ’ ടീമിനെ അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. സിനിമയിൽ നായകനായ വിഷ്ണുവിനെ സർപ്രൈസ് ആയി ഫോണിലൂടെ വിളിച്ചാണ് അദ്ദേഹം പ്രശംസിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടിയെന്ന് വിഷ്ണു ട്വീറ്റ് ചെയ്തു.

വിഷ്ണുവിന്റെ വാക്കുകൾ– ‘ഫന്റാസ്റ്റിക്, ഫന്റാസ്റ്റിക്, ഫന്റാസ്റ്റിക്, നടിപ്പ് ദൂൾ കെളപിടിങ്കു’–ഇങ്ങനെയായിരുന്നു ചിത്രത്തെക്കുറിച്ച് രജനി സാർ പറഞ്ഞത്. പൊലീസ് യൂണിഫോമിൽ നന്നായിട്ടുണ്ടെന്നും വില്ലനായി അഭിനയിച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു. വില്ലന്റെ ശരീരഭാഷയെയും പ്രശംസിച്ചു. സംവിധായകന്റെയും എന്റെയും കോംപിനേഷൻ സൂപ്പർ ആയിരുന്നെന്നും.’ അദ്ദേഹം പറഞ്ഞു.

വിഷ്ണു, അമല പോള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസൻ സൂപ്പർഹിറ്റായി മുന്നേറുകയാണ്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.