ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, അവൾ പറയുന്നത് കള്ളം: നടി മായ

തനിക്കെതിരെ ഉയർന്ന മീ ടു ആരോപണങ്ങൾക്ക് മറുപടിയുമായി നടി മായ എസ്. കൃഷ്ണന്‍. അനന്യ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് തനിക്കും കുടുംബത്തിനും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്നും മായ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. തിയറ്റർ കലാകാരിയായ അനന്യ രാമപ്രസാദ് ആണ് നടി മായയ്ക്കെതിരെ മീ ടു ആരോപണവുമായി എത്തിയത്.

മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്റെ ആഘാതത്തില്‍നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും അനന്യ പറയുന്നു. എന്നാൽ അനന്യ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുെവന്നും അവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മായ വ്യക്തമാക്കുന്നു. 

‘പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ഞാന്‍ അന്ന് ചെയ്തത്. അല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഇനി ഒരിക്കലും ഞാന്‍ അതിന് മുതിരുകയുമില്ല. എന്റെ പ്രതിഛായ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അനന്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പറയുന്നതെല്ലാം അസത്യമാണ്. അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനെ ഞാന്‍ നിയമപരമായി നേരിടും.’- മായ വ്യക്തമാക്കി.