ബാഹുബലിയിൽ തെറ്റുകൾ പറ്റി: ഛായാഗ്രാഹകൻ

കെ.കെ.സെന്തിൽ കുമാർ

ബാഹുബലിയുടെ കംപ്യൂട്ടർ ഗ്രാഫിക്സിൽ പാളിച്ചകൾ വന്നിട്ടുണ്ടെന്നു ചിത്രത്തിന്റെ ഛായാഗ്രാഹനായ കെ.കെ.സെന്തിൽ കുമാർ. പല സീനുകളിലും ഗ്രാഫിക്സ് പാളിയിട്ടുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. ഒന്നാം ഭാഗം ഇത്രയും വിജയമാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു രാജ്യാന്താരചലച്ചിത്രമേളയിൽ മാസ്റ്റർ ക്ലാസ് സീരിസിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കഥയുടെ ആമുഖം മാത്രമാണു ബാഹുബലിയുടെ ആദ്യ ഭാഗം. കാമ്പുള്ള കഥാ ഭാഗം ഇനി വരാനിരിക്കുന്നതാണ്. ഏറെ വെല്ലുവിളികൾ ചിത്രീകരണ സമയത്തു നേരിട്ടാണു ബാഹുബലി പൂർത്തിയാക്കിയത്. വിഷ്വൽ ഇഫ്ക്ടിസിന്റെ (വിഎഫ്എക്സ്) കടന്നു വരവോടെ ക്യാമറാമാന്റെ ജോലി സങ്കീർണമാകുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി വികസിക്കുമ്പോൾ അതിനൊപ്പം മാറണം. ഡിജിറ്റൽ ക്യാമറയും വിഎഫ്എക്സും വന്നതോടെ തിരക്കഥ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെ സംവിധായകർക്കൊപ്പം സിനിമട്ടോഗ്രാഫറും വേണമെന്നായി.

ബാഹുബലിയിലെ 3000 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടം 82 അടി ഉയരമുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലാണു ചിത്രീകരിച്ചത്. കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടത്തിനു ഭംഗി പോരാത്തതിനാൽ സൗന്ദര്യമുള്ള ഒരു വെള്ളച്ചാട്ടമായിരുന്നു രാജമൗലിയുടെ മനസ്സിൽ. ചിത്രീകരണത്തിനു മുൻപ് അനിമേഷൻ വിഡിയോ ചെയ്താണു എന്തെല്ലാമാണു വേണ്ടതെന്നു നോക്കിയത്.ഗ്രാഫിക്സിലൂടെ എന്തൊക്കെ കൂട്ടിച്ചേർക്കണമെന്ന ഐഡിയ ആ വിഡിയോകളാണു നൽകിയത്.

അലക്സ എക്സ് ടി ക്യാമറയാണു ചിത്രീകരണത്തിനു ഉപയോഗിച്ചത്. ഹൈദരബാദിലെ കനത്ത ചൂടും ബൾഗേറിയയിലെ മൈനസ് 10 ഡിഗ്രി തണുപ്പും മഹബലേശ്വറിലെ കനത്ത മഴയും പോലെയുള്ള വെല്ലുവിളികൾ അതിജീവിക്കാൻ ക്യാമറയ്ക്കു കഴിഞ്ഞുവെന്നും സെന്തിൽ കുമാർ പറഞ്ഞു.