ബാഹുബലിയിലെ രഥം ഡിസൈൻ ചെയ്തത് ഡാവിഞ്ചി!!

ഡാവിഞ്ചി തയാറാക്കിയ രഥത്തിന്റെ ഡിസൈനുകൾ.

ബ്രേവ് ഹാർട്ട്, 300, ലോർഡ് ഓഫ് ദ് റിങ്സ്, ട്രോയ് തുടങ്ങിയ ഹോളിവുഡ് യുദ്ധസിനിമകളോട് കിടപിടിക്കുംവിധമാണ് രാജമൗലിയുടെ ബാഹുബലി പ്രേക്ഷകമനസ്സുകൾ വെട്ടിപ്പിടിച്ച് മുന്നേറുന്നത്. പക്ഷേ ചിത്രത്തെപ്പറ്റി പറഞ്ഞുകേട്ട പരാതിയും ഈ ഹോളിവുഡ് സിനിമകളിൽ നിന്നു പ്രചോദനമുൾക്കൊണ്ട പല യുദ്ധതന്ത്രങ്ങളുമാണ് ബാഹുബലിയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ്.

തീഗോളങ്ങൾ വലിച്ചെറിയുന്നതും ചറപറ അസ്ത്രങ്ങളെയ്യുന്നതുമായ യന്ത്രങ്ങളെല്ലാം മുൻപ് പല സിനിമകളിലും കണ്ടിട്ടുമുണ്ട്. പക്ഷേ നിരൂപകർ ഉൾപ്പെടെ ഒരു കാര്യം സമ്മതിച്ചു. ബാഹുബലിയുടെ വില്ലനായ പൽവാൽ ദേവൻ ക്ലൈമാക്സ് യുദ്ധത്തിൽ ഉപയോഗിച്ച ആ സ്പെഷൽ രഥം കിടിലൻ സംഗതിയാണെന്ന്. മുന്നിൽ കറങ്ങുന്ന മൂർച്ചയേറിയ വാളുകളുമായിട്ടായിരുന്നു അതിന്റെ സഞ്ചാരം. ശത്രുക്കൾക്കിടയിലൂടെ മുന്നേറുന്നതിനിടെ മുന്നിൽപ്പെടുന്ന സകലതിനെയും വെട്ടിമുറിച്ചു കളയുന്ന പ്രാചീനകാല യുദ്ധതന്ത്രം ഹോളിവുഡ് സിനിമകളിൽ പോലും കണ്ടിട്ടില്ലെന്നു പലരും സമ്മതിച്ചു.

രാജമൗലിയുടെ ഭാവനയെ സമ്മതിച്ചുകൊടുത്തു, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിളിന്റെ കഴിവിനും കിട്ടി കയ്യടി. അതിനിടെ നാലു ഭാഗത്തും ചൂല് ഘടിപ്പിച്ച് റോഡ് വൃത്തിയാക്കാനുപയോഗിക്കുന്ന യന്ത്രത്തിൽ നിന്നാണ് രാജമൗലിക്ക് രഥത്തിന്റെ ഐഡിയ കിട്ടിയതെന്ന് ചില രസികന്മാർ പറഞ്ഞുപരത്തി. പക്ഷേ സത്യം ഇതൊന്നുമല്ല.

ലോകപ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചി ഡിസൈൻ ചെയ്തതാണ് പൽവാൽ ദേവന്റെ രഥമായി ബാഹുബലിയിലൂടെ പാഞ്ഞത്. പഴയകാലത്തെ യുദ്ധതന്ത്രങ്ങളും പുതിയകാല സാധ്യതകളും ഉപയോഗപ്പെടുത്തി ആയുധങ്ങളുടെ ഡിസൈൻ തയാറാക്കുന്ന ശീലമുണ്ടായിരുന്നു ഡാവിഞ്ചിക്ക്. ഇത്തരത്തിൽ 1480കളിലാണ് ഡാവിഞ്ചി പ്രസ്തുതരഥത്തിന്റെ ഡിസൈൻ വരച്ചത്. യുദ്ധമുഖത്തെ പേർഷ്യൻ തന്ത്രമായിരുന്നു ഡാവിഞ്ചി ഇതിനുപയോഗിച്ചത്. ചക്രങ്ങളിലും പിറകിലും കറങ്ങുന്ന മൂർച്ചയുള്ള വാളുകൾ ഘടിപ്പിച്ച രഥങ്ങളായിരുന്നു (scythed chariot )പേർഷ്യൻ രാജാക്കന്മാർ ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇത് പലപ്പോഴും രാജാവിന്റെ ഇരുവശങ്ങളിലുമുള്ള അംഗരക്ഷകർക്ക് അപകടമുണ്ടാക്കിയിരുന്നു. ഈ പ്രശ്നം ഒഴിവാക്കിയാണ് ഡാവിഞ്ചി രഥത്തിന്റെ മുന്നിലേക്ക് കറങ്ങുന്ന വാളുകളെ മാറ്റി പുതിയ ഡിസൈനൊരുക്കിയത്. രഥത്തിനു നേരെ പാഞ്ഞടുക്കുന്ന ശത്രു നിഷ്കരുണം കൊല്ലപ്പെടും. കറങ്ങുന്ന വമ്പൻ വാൾച്ചക്രവും വലിച്ചുകൊണ്ടു പോകുന്ന രഥത്തിന്റെ മറ്റൊരു ഡിസൈനുമുണ്ടായിരുന്നു. പക്ഷേ രഥത്തിനു മുന്നിലെ വാൾച്ചക്രമാണ് ബാഹുബലി ടീം തിരഞ്ഞെടുത്തത്.

ഡാവിഞ്ചി ഡിസൈൻ വരച്ചല്ലേയുള്ളൂ അത് യാഥാർഥ്യമാക്കിയത് ബാഹുബലി അണിയറക്കാരല്ലേയെന്ന ചോദ്യം സ്വാഭാവികമായും വന്നേക്കാം. പക്ഷേ ഏതാനും വർഷം മുൻപ് ഡിസ്കവറി ചാനലിലെ ‘ Doing Da Vinci’ എന്ന പ്രോഗ്രാമിൽ ഈ ബ്ലേഡ്‌രഥം യാഥാർഥ്യമാക്കി അവതരിപ്പിക്കപ്പെട്ടിരുന്നു. ഡിസ്കവറിയുടെ വിദഗ്ധസംഘമാണ് ഡാവിഞ്ചിയുടെ ഡിസൈൻ മാത്രം ഉപയോഗിച്ച് ആ രഥം തയാറാക്കിയത്. ഇതിന്റെ വിഡിയോ യൂട്യൂബിലും ലഭ്യമാണ്.