താരങ്ങൾ ഒത്തു ചേരുന്നു ചെന്നൈയ്ക്കായി

സംഘടനാ വേർതിരിവും വലുപ്പച്ചെറുപ്പവുമൊക്കെ മറന്ന് സമിഴ്നാട്ടിൽ സിനിമാ താരങ്ങൾ ഒത്തു ചേരുകയാണ്. വെള്ളപ്പൊക്കത്തിൽ പെട്ട് മുങ്ങി താഴുന്ന ജനതയെ കൈ പിടിച്ച് ജീവിതത്തിലേക്കെത്തിക്കാൻ അവർ കഴിയും വിധമെല്ലാം പരിശ്രമിക്കുന്നു.

വെള്ളപ്പൊക്കത്തിൽ പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ ഞങ്ങളുടെ ടീം 5 കാറുകളിൽ സഞ്ചരിക്കുന്നുണ്ട്. ആവശ്യമുള്ളവർ പെട്ടെന്ന് ബന്ധപ്പെടുക. തമിഴ് നടൻ സിദ്ധാർത്ഥിന്റെ ട്വീറ്റാണിത്. മറുപടിയുമായി നിർമാതാവും നടനുമായ ഉദയാനിധി സ്റ്റാലിൻ ഉടനെത്തി. നാളെ മുതൽ 6 കാറുകൾ ടീമിലുണ്ടുാവും. ഞാനും നിങ്ങൾക്കൊപ്പം ചേരുന്നു.

നടനായ വിഷ്ണു വിശാൽ അതിനു മറുപടി പറഞ്ഞു. ഞാനും ചേരുന്നു. എന്തു ചെയ്യണമെന്ന് പറഞ്ഞാൽ മാത്രം മതി. തൊട്ടു പിന്നാലെ സംവിധായകനായ മോഹൻ രാജയും എത്തി. രക്ഷാപ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയാവുന്നു. നിർദേശങ്ങൾ തന്നോളൂ. ലക്ഷങ്ങൾ സംഭാവന ചെയ്തും സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായും താരങ്ങൾ ശരിക്കുള്ള സ്റ്റാറുകൾ ആവുകയാണ്.