രാധികയെ ഞെട്ടിച്ച രജനീകാന്ത് !

ബോളിവുഡിലെ പുത്തന്‍ സെന്‍സേഷന്‍ ആണ് രാധിക ആപ്തേ. പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറുന്ന അഹല്യ എന്ന ഹ്രസ്വചിത്രത്തിലെ നായിക ഇനി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ നായികയാണ്. രഞ്ജിത് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിലാണ് രാധിക സൂപ്പര്‍സ്റ്റാറിന്‍റെ നായികയായി എത്തുന്നത്.

കാര്‍ത്തി ചിത്രമായ ഓള്‍ ഇന്‍ ഓള്‍ അഴകുരാജ എന്ന തമിഴ് ചിത്രത്തില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. രജനീകാന്തിന്‍റെ നായികയാകുന്നതിനുള്ള സന്തോഷം രാധിക മറച്ചുവക്കുന്നില്ല. അദ്ദേഹത്തെ പരിചയപ്പെടാനുള്ള തയാറെടുപ്പിലാണ് താരം.

തന്നെ നായികയായി തിരഞ്ഞെടുത്തെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നാണ് രാധിക പറയുന്നത്. കുറേ ദിവസങ്ങള്‍ വേണ്ടിവന്നു ഞെട്ടല്‍ മാറാന്‍. ഇന്ത്യന്‍ സിനിമയിലിപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലുതായി ആരുമില്ല. മാത്രമല്ല സംവിധാകന്‍ രഞ്ജിത്തും ഒരുപാട് കഴിവുള്ള ആളാണ്. സിനിമയിലേക്ക് നായികയായി തിരഞ്ഞെടു്ത്തെന്ന് വിശ്വസിക്കാനാകുന്നില്ല. രാധിക പറയുന്നു.

ചിത്രത്തിന്‍റെ തിരക്കഥയാണ് പ്രധാന ആകര്‍ഷണം. എന്‍റെ കഥാപാത്രത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്്. ഗ്ലാമര്‍ വേഷത്തില്‍ നിന്നും മാറി ശക്തമായൊരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് പ്രാധാന്യമില്ലെങ്കിലും ഈ സിനിമയില്‍ അഭിനയിക്കുമെന്ന് രാധിക പറയുന്നു.