Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധിക ആപ്തെയുടെ ശബ്ദം; ഏയ്ഞ്ചലിന് ലോട്ടറി

angel-radhika

പതിനേഴ് വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. ഇതിനകം മുന്നൂറോളം സിനിമകള്‍ക്ക് ശബ്ദം നൽകിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ പലരും ചോദിച്ചിട്ടുണ്ട് അവാര്‍ഡു കിട്ടിയിട്ടുണ്ടോ കിട്ടിയിട്ടുണ്ടോ എന്ന്.  അവാര്‍ഡ് ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ ഈ അവാര്‍ഡ് തീരെ അപ്രതീക്ഷിതമായിരുന്നു.  കിട്ടിക്കഴിഞ്ഞാണ് അറിയുന്നതുപോലും. കാരണം അവാര്‍ഡിന് എന്റെ പേര് നോമിനേഷന് പോയതു പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ നിന്ന് എന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചാണ് സംവിധായകൻ അവാര്‍ഡിനായി അയച്ചത്..

നിറഞ്ഞ സന്തോഷത്തോടെ വൈറ്റിലയിലെ വീട്ടിലിരുന്ന് ഏയ്ഞ്ചല്‍ സംസാരിക്കുകയായിരുന്നു. 2015 ലെ  മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന ചടങ്ങില്‍ നിന്ന് ഏറ്റു വാങ്ങി തിരികെ വീട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ ഏയ്ഞ്ചല്‍. വിനോദ് സുകുമാരന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഹരത്തില്‍, രാധിക ആപ്തയേക്ക് ശബ്ദം നൽകിയതാണ് ഏയ്ഞ്ചലിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
 
മലയാള സിനിമ എല്ലാ വിധത്തിലും മാറ്റങ്ങളിലൂടെ കടന്നുപോകുകയും പുതിയ പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുമ്പോള്‍ പുതിയ സിനിമയുടെ ശബ്ദമായി മാറിയിരിക്കുകയാണ് ഏയ്ഞ്ചല്‍. നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞ പല സിനിമകളിലും നിത്യാമേനോന്‍, അപര്‍ണ ഗോപിനാഥ്, അര്‍ച്ചന കവി, പ്രയാഗ മാര്‍ട്ടിന്‍, കമാലിനി മുഖര്‍ജി, വേദിക എന്നിങ്ങനെ അഭിനയം കൊണ്ടും ശാരീരിക പ്രത്യേകതകള്‍ കൊണ്ടും വ്യത്യസ്തയുള്ള പല താരങ്ങളും നമ്മോട് സംസാരിച്ചത് ഏയഞ്ചലിന്റെ ശബ്ദത്തിലൂടെയായിരുന്നു.

Haram Malayalam Movie Trailer - Fahad Fazil, Radika Apte

കേരളകഫേയിലെ ഒരു ഹ്വസ്വചിത്രമായ ഹാപ്പിജേര്‍ണിയില്‍ നിത്യാമേനോന്‍ നമ്മെ വിസ്മയിപ്പിച്ചുവെങ്കില്‍, കുട്ടിസ്രാങ്കിലൂടെ കമാലിനി മുഖര്‍ജി മലയാളിയായെങ്കില്‍, മമ്മി ആന്റ് മീയിലൂടെ അര്‍ച്ചന കവിയുടെ മാനസികഭാവങ്ങള്‍ നാം ഉള്‍ക്കൊണ്ടുവെങ്കില്‍ ജെയിംസ് ആന്റ് ആലീസില്‍ വേദികയെ സ്നേഹിച്ചെങ്കിൽ അതിനെല്ലാം കാരണം ഏയ്ഞ്ചലാണ്. ഏയ്ഞ്ചലിന്റെ ശബ്ദമാണ്.

Happy journey

ഒഡീഷന്‍ നടത്തിയാണ് ഏയ്ഞ്ചലിനെ ഹരം സിനിമയിലേക്ക് സെലക്ട് ചെയ്തത്. രാധിക ആപ്‌തേ പോലെയുള്ള ഒരു താരത്തിന് വേണ്ടി ശബ്ദം കൊടുക്കുക എന്നത് ഒരേ സമയം വെല്ലുവിളിയും അഭിമാനകരവും സന്തോഷകരവുമായിരുന്നു. ഏയ്ഞ്ചല്‍ പറഞ്ഞു.
 
പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം വേര്‍പിരിയുന്നവരാണ് ഹരത്തിലെ കഥാപാത്രങ്ങളായ ബാലുവും ഇഷയും. വളരെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയാണ് ഇഷയുടേത്. അതിവൈകാരികതയിലേക്ക് വഴുതിവീഴാതെയും വികാരങ്ങളെ നിയന്ത്രിച്ചും  മനോനിലകളെ പരിപാകപ്പെടുത്തത്തക്കവിധത്തിലുളള ശബ്ദനിയന്ത്രണം ആ കഥാപാത്രത്തിന് ആവശ്യമായിരുന്നു. സ്വയം തിരിച്ചറിയാന്‍ പോലും കഴിയാത്തവിധത്തിലുള്ള കാരണങ്ങളുടെ പേരിലായിരുന്നു വിവാഹമോചനം അവള്‍ ആവശ്യപ്പെടുന്നത്. ഇപ്രകാരത്തിലുള്ള ഇഷയെ ആണ് ഏയ്ഞ്ചല്‍ തന്റെ ശബ്ദസാന്നിധ്യത്തിലൂടെ അവിസ്മരണീയമാക്കിയത്.

ഹരം സാമ്പത്തികമായി വിജയിക്കാത്തതുകൊണ്ട് ഏറെ പേരും ആ സ്വരം കേള്‍ക്കാതെ പോയെന്നേയുള്ളൂ. എങ്കിലും അവാര്‍ഡ് കമ്മിറ്റി അത് കേട്ടു. പറഞ്ഞു ഫലിപ്പിക്കാന്‍ ഏറെയുള്ള ഇഷയുടെ കഥാപാത്രത്തിന്റെ മനോനിലകളെ സ്വാംശീകരിച്ച ഏയഞ്ചലിന്റെ സിദ്ധിയെ അവര്‍ അംഗീകരിക്കുകയും ചെയ്തു. അതായിരുന്നു ഹരത്തിന് കിട്ടിയ അവാര്‍ഡ്.
 
ഏറെ കഷ്ടപ്പെട്ടാണ് രാധിക ആപ്‌തേയ്ക്ക് ശബ്ദം നല്കിയതെന്ന് ഏയ്ഞ്ചല്‍ ഓര്‍മ്മിക്കുന്നു. എങ്കിലും ഒരു സിനിമയ്ക്ക് ശബ്ദം കൊടുക്കുമ്പോള്‍ മാത്രമേ സ്വയം മറന്ന് കരഞ്ഞുപോയിട്ടുള്ളൂ.  അത് ജെയിംസ് ആന്റ് ആലീസില്‍, ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്യാനെത്തിയ ആലീസിന്റെ മനസ്സിലൂടെ കടന്നുപോയപ്പോഴായിരുന്നു. അറിയാതെ കരഞ്ഞുപോയി. ഏയ്ഞ്ചല്‍ ചിരിക്കുന്നു.
 
നന്നേ ചെറുപ്പത്തിലേ ഡബിംങ് ഫീല്‍ഡില്‍ എത്തിച്ചേര്‍ന്നതാണ് ഏയ്ഞ്ചല്‍. വഴി തെറ്റിയെന്ന് വേണമെങ്കില്‍ പറയാം. കാരണം കലയുമായി യാതൊരു തരത്തിലുള്ള ബന്ധവും വീട്ടില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല.  ചെറുപ്രായത്തിലെ ഒരു ന്യൂഇയര്‍ പ്രോഗ്രാമില്‍ ഒരു പ്രോഗ്രാം അവതരിപ്പിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായത്. ഏയ്ഞ്ചലിന്റെ ശബ്ദം ഡബ്ബിങിന് പറ്റിയതാണല്ലോ  എന്ന് കണ്ടെത്തലാണ് ചെറുപ്രായത്തിലേ ശബ്ദമായി മാറാന്‍ നിമിത്തമായി മാറിയത്.

അങ്ങനെ എട്ടു വയസില്‍ ശബ്ദം കൊടുത്തുതുടങ്ങി. ടെലിവിഷൻ പരമ്പര സമയത്തിന് വേണ്ടിയായിരുന്നു തുടക്കം. തുടര്‍ന്ന എണ്ണമറ്റ പരസ്യചിത്രങ്ങള്‍. സംവിധായകന്‍ ഭദ്രന്റെ വെള്ളിത്തിരയില്‍ ഒരു തമിഴ് ബാലന് ശബ്ദം നല്കിയായിരുന്നു സിനിമാ പ്രവേശം. ശേഷം സിബി മലയിലിന്റെ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയില്‍ അപ്പൂവിന്റെ കൂട്ടുകാരുടെ ശബ്ദമായി.

നായികമാര്‍ക്ക് ആദ്യമായി ശബ്ദം നല്കിതുടങ്ങിയതും സീരിയലിലൂടെയായിരുന്നു. സ്ത്രീ പരമ്പരയില്‍ മ്പിളി ദേവിക്കായിരുന്നു അപ്രകാരം ആദ്യമായി ശബ്ദം നല്കിയത്. പക്ഷേ സിനിമയില്‍ ശ്രദധിക്കപ്പെട്ടത് ഹാപ്പി ജേര്‍ണിയില്‍ നിത്യക്ക് ശബ്ദം നല്കിയതോടെയാണ്.

വേണുവിന്റെ മമ്മൂട്ടിചിത്രമായ മുന്നറിയിപ്പില്‍ അപര്‍ണ്ണയ്ക്ക് ശബ്ദം നല്കാനായി വിളി വന്നപ്പോള്‍ ഏയ്ഞ്ചല്‍ ഇപ്പോള്‍, രണ്ടുവയസുള്ള ഏല്‍ക്കാന് ജന്മം നല്കിയതിന് ശേഷമുള്ള വിശ്രമത്തിലായിരുന്നു.  സിസേറിയനായതുകൊണ്ട് വിശ്രമം ആവശ്യവുമായിരുന്നു. പിന്നീട് ആ ചിത്രം കണ്ടപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ചെറിയ വിഷമം തോന്നിയിരുന്നു.

അപര്‍ണ്ണയ്ക്ക് ശബ്ദം നല്കിയ വിമ്മിയ്ക്കായിരുന്നു ആ വര്‍ഷത്തെ ഡബ്ബിങിനുള്ള അവാര്‍ഡും. ലഭിക്കാതെ പോയ ആ അവാര്‍ഡ് ഒരു വര്‍ഷത്തിന് ശേഷം ഹരത്തിലൂടെ സ്വന്തമാക്കിയപ്പോള്‍ ദൈവം തരാനുള്ളത് തരിക തന്നെ ചെയ്യും എന്ന് ഏറ്റുപറഞ്ഞ് ഏയ്ഞ്ചല്‍ ദൈവതിരുസന്നിധിയില്‍ ശിരസ് നമിക്കുന്നു.

angel-famliy

വളരെ അനുഗ്രഹിക്കപ്പെട്ട നിമിഷമായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് എന്ന് ഏയ്ഞ്ചല്‍ നിറഞ്ഞ മനസ്സോടെ പറയുന്നു. ചലച്ചിത്ര അക്കാദമിയായിരുന്നു പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്തത്. നിറഞ്ഞ സദസില്‍ താരങ്ങളുടെ പ്രഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ നിമിഷം ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.2013  ല്‍ ഡബ്ബിങിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ഏയ്ഞ്ചലിന് ലഭിച്ചിട്ടുണ്ട്. ശാലോം ടിവി സംപ്രേഷണം ചെയ്ത വിശുദ്ധ എവുപ്രാസ്യാമ്മ എന്ന ടെലിസീരിയലിനായിരുന്നു അത്.
 
വളരെ സുരക്ഷിതത്വവും മാന്യതയുമുളള ജോലിയായി ഡബിംങ് ഫീല്‍ഡ് മാറിക്കഴിഞ്ഞിട്ടുണ്ടെന്നും ഏയ്ഞ്ചല്‍ പറയുന്നു. ഒരേ വേവ് ലങ്തും ഒരേ പ്രായവുമുള്ള ആളുകളുമായിട്ടാണ് കൂടുതലും സിനിമയില്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നത് എന്നതായിരിക്കാം അതിന് കാരണവും.

സ്വര്‍ണ്ണക്കടുവ, ഒരേ മുഖം, അവരുടെ രാവുകള്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍. മിക്കവാറും എല്ലാ സിനിമകളുടെയും വര്‍ക്ക് എറണാകുളവുമായി ബന്ധപ്പെട്ടായിരിക്കും. അതുകൊണ്ട് താന്‍ വളരെ കംഫര്‍ട്ട് സോണിലാണ് ജോലി ചെയ്യുന്നത് എന്നാണ് ഏയ്ഞ്ചലിന്റെ അഭിപ്രായം. ഇതിനകം മൂവായിരത്തോളം ആഡ് ഫിലിമുകള്‍ക്കും ശബ്ദം നല്കിയിട്ടുണ്ട്. എഡിറ്റര്‍ കൂടിയായ ഭര്‍ത്താവ് കിഷോറിന്റെ പ്രോത്സാഹനവും പിന്തുണയും ഏയ്ഞ്ചലിന് വേണ്ടുവോളമുണ്ട്.

മലയാള സിനിമ എല്ലാവിധത്തിലും മാറ്റത്തിന്റെ പാതയിലൂടെ മുന്നേറുമ്പോള്‍ പുതിയ സിനിമയുടെയും പുതിയ മുഖങ്ങളുടെയും  പുതിയ ശബ്ദമായി മാറിയിരിക്കുകയാണ് ഏയ്ഞ്ചല്‍. കേട്ടുപരിചയിച്ച ശബ്ദമല്ല കേട്ടു മതിയായ ശബ്ദവുമല്ല ഇനിയും കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന ശബ്ദം. നമ്മെ വിസ്മയിപ്പിക്കുന്ന ശബ്ദം. അങ്ങനെയാണ് ഏയ്ഞ്ചലിന്റെ ശബ്ദം മാലാഖയുടെ ശബ്ദമായി മാറിയിരിക്കുന്നത്.