റോജ പൊലീസ് കസ്റ്റഡിയില്‍; വിഡിയോ വൈറൽ

വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും നടിയുമായ റോജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ റോജയെ വിജയവാഡ വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വനിതാ പാര്‍ലമെന്റ് നടക്കുന്ന ഹോട്ടലിലേക്ക് കൊണ്ടു പോകാനെന്ന പേരില്‍ പൊലീസ് കൂട്ടിക്കൊണ്ട് പോകുകയും തന്നെ കാരണമില്ലാതെ തടഞ്ഞു വയ്ക്കുകയുമായിരുന്നെന്ന് റോജ ആരോപിച്ചു. ഒരു നിയമസഭാംഗം ക്ഷണിച്ചത് പ്രകാരമാണ് വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും അറസ്റ്റ് ചെയ്യാനാണെങ്കില്‍ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും റോജ ചോദിക്കുന്നു.

പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോകുന്നതനിടെ നടി തന്നെ മൊബൈലില്‍ ഷൂട്ട് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് തന്നെ ഇത്രയ്ക്ക് ഭയമാണോ എന്ന് റോജ ചോദിക്കുന്നു. പരിപാടിക്കായി 11 കോടിയാണ് ചിലവാക്കിയതെന്നും റോജ പറയുന്നു. തന്നെ ഇത്രയ്ക്ക് ഭയമാണെങ്കില്‍ എന്തിന് ക്ഷണിച്ചുവെന്നും റോജ ചോദിക്കുന്നു.

അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് റോജയെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് വിമാനത്താവളത്തിലെ ഒരു മുറിയില്‍ ഒരു മണിക്കൂറോളം തടഞ്ഞു വച്ചെന്നും റോജ ആരോപിച്ചു.

റോജയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍സി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എന്നാല്‍ റോജയുടെ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനിലായിരുന്നു റോജ.