മാപ്പു പറയില്ലെന്ന് രമ്യ

പാക്കിസ്ഥാന്‍ നരകമല്ലെന്ന തന്റെ പരാമര്‍ശം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കോണ്‍ഗ്രസ് നേതാവും നടിയും മുന്‍ എംപിയുമായ രമ്യ. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും രമ്യ വ്യക്തമാക്കി. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

‘പാക്കിസ്ഥാൻ നരകമല്ല’ എന്ന രമ്യയുടെ എന്ന പരാമർശത്തിനെതിരെയാണ് കർണാടകയിൽ നിന്നുള്ള അഭിഭാഷകൻ പരാതി നൽകിയത്. പാക്കിസ്ഥാനെ അഭിനന്ദിക്കുന്നതിലൂടെ ഇന്ത്യയെ അപമാനിക്കുകയും ഇന്ത്യക്കാരെ പ്രകോപിപ്പിക്കുകയുമാണ് ചെയ്തതെന്ന് കേസ് നൽകിയ കെ.വിട്ടൽ ഗൗഡ പറയുന്നു.

സോംവാർപേട്ടിലെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കേസ്. രമ്യയ്ക്കെതിരെ ഐപിസി 124എ വകുപ്പ് ചുമത്തണമെന്നാണ് ആവശ്യം. ഇത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരുന്ന വകുപ്പാണ്. ഈ മാസം 27നാണ് കേസ് പരിഗണിക്കുക.

പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പാക്കിസ്ഥാനെ നരകത്തോട് താരതമ്യം ചെയ്തതിനെ എതിർത്താണ് താരം പാക്കിസ്ഥാനെ പുകഴ്ത്തിയത്. പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നത് പോലെയാണ് എന്നായിരുന്നു പരീക്കറിന്റെ പരാമർശം. കഴിഞ്ഞ ദിവസം സാർക്ക് യോഗത്തിൽ പങ്കെടുക്കാനായി ഇസ്‌ലാമാബാദിൽ പോയ രമ്യ, മടങ്ങിയെത്തിയപ്പോഴാണ് പാക്കിസ്ഥാനിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ച് വാചാലയായത്.

പാക്കിസ്ഥാൻ നരകമല്ല. അവിടെയുള്ള ജനങ്ങൾ നമ്മളെപ്പോലെ തന്നെയുള്ളവരാണ്. അവർ ഞങ്ങളെ വളരെ നന്നായാണ് സ്വീകരിച്ചത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും അവർ നൽകി - രമ്യ പറഞ്ഞു.