പരിഹസിച്ചവർക്ക് മറുപടിയുമായി സൂര്യ

നടികർ സംഘം നടത്തിയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിൽ സൂര്യ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. വൻവരവേൽപ്പ് നടത്തിയാണ് സൂര്യയെ ബാറ്റിങിന് അയച്ചത്. എന്നാൽ വിക്രം പ്രഭു എറിഞ്ഞ ആദ്യ ബോളിൽ തന്നെ സൂര്യ ഔട്ട്.

ചെറുചിരിയോടെ ക്രീസ് വിട്ടിറങ്ങിയ സൂര്യയ്ക്കെതിരെ ഓൺലൈനിൽ ട്രോൾ ഇറങ്ങി. ഫേസ്ബുക്കിലും മറ്റും താരത്തിനെതിരെ പരിഹാസരൂപത്തിൽ വിഡിയോയും വന്നിരുന്നു. ഈ വിഷയത്തിൽ മറുപടിയുമായി സൂര്യ.

ഒരു കായികതാരത്തിന് നല്ലൊരു നടനാകാൻ സാധിക്കില്ല, അതുപോലെ ഒരു നടനും മികച്ചൊരു കളിക്കാരനാകാൻ കഴിയില്ല. ഡക്കിന് പുറത്താകും, ക്യാച്ചുകൾ വിട്ട്കളയും, വൈഡ്, നോ ബോൾ, സിക്സ്, ഫോർ ഇതൊക്കെ മാച്ചിൽ കാണാനാകും. എന്നാൽ ഇതിനെല്ലാം പുറമെ നമുക്ക് വേണ്ടത് സ്പോർട്സ്മാൻ സ്പിരിറ്റ്, കഠിനാദ്ധ്വാനം, ഒത്തൊരുമ എന്നിവയാണ്. സൂര്യ പറഞ്ഞു.

നടികർ സംഘത്തിന്റെ ഓഫീസ് കോംപ്ലക്സ് പണിയുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. നടികർ സംഘത്തിന്റെ സ്റ്റാർ ക്രിക്കറ്റ് കപ്പ് സൂര്യ നായകനായ ചെന്നൈ സിങ്കംസിനാണ് ലഭിച്ചത്.