ആരാധകരെ ഞെട്ടിക്കാൻ തലയും ചിയാനും ഇളയദളപതിയും

താരങ്ങൾ ലുക്കും സ്റ്റെലും മാറ്റിയെത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. ഹിന്ദിയിൽ അമീർഖാനും ഷാറുഖും സൽമാനുമൊക്കെ തരംഗം തീർക്കാറുണ്ട്. തമിഴിലും വ്യത്യസ്ത സ്റ്റെലിൽ എത്തുന്ന താരങ്ങൾ ആരാധകരിൽ ഹരം തീർക്കാറുണ്ട്. യുവ സൂപ്പർസ്റ്റാറുകളായ തല അജിതും ഇളയദളപതി വിജയ്‌യുമാണു പുതിയ ഗെറ്റപ്പുകളുമായി എത്തി ആരാധകരെ ഞെട്ടിക്കാൻ തയാറെടുക്കുന്നത്. ഇതുവരെ കാണാത്ത രീതിയിൽ സിക്സ് പായ്ക്കും ദൃഢശരീരവുമായി അജിത് എത്തുമ്പോൾ, താടിയും പിരിച്ചുവച്ച കൊമ്പൻ മീശയുമായി എത്തുന്ന വിജയ് ലുക്കും ഹിറ്റായി കഴിഞ്ഞു. ഇവരൊടൊപ്പം തന്നെ ചിയാൻ വിക്രമിന്റെ ഗൗതം മേനോൻ ചിത്രം ധ്രൂവനച്ചതിരത്തിലെ ലുക്കും ശ്രദ്ധ നേടിയിട്ടുണ്ട്.

തല അജിത് ഇന്റർപോൾ ഉദ്യോഗസ്ഥനായി വിവേകത്തിൽ എത്തുന്നത് ഒട്ടേറെ പ്രത്യേകതകളോടെ. അജിത് ആദ്യമായി സിക്സ് പായ്ക്ക് ബോഡിയിൽ എത്തുന്ന ചിത്രത്തിൽ കാജർ അഗർവാളാണു നായിക. സിക്സ് പായ്ക് പ്രദർശനവുമായി എത്തിയ അജിതിന്റെ പോസ്റ്റർ വൻ തരംഗമുയർത്തിയിരുന്നു. ലക്ഷക്കണക്കിനു പേരാണു മണിക്കൂറുകൾക്ക് ഉള്ളിൽ പോസ്റ്റർ കണ്ടത്. വേതാളം, വീരം എന്നീ വൻഹിറ്റുകൾക്കുശേഷം സംവിധായകൻ ശിവയും അജിതും ഒന്നിക്കുന്ന ചിത്രമാണു വിവേകം.

കാജൽ അഗർവാൾ ആദ്യമായി അജിത്തിന്റെ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും വിവേകത്തിനുണ്ട്. വിവേക് ഒബ്റോയിയാണ് വില്ലനായി എത്തുന്നത്. ചിത്രത്തിനായി നേരത്തേ അജിത് നടത്തിയ ബൈക്ക് സ്റ്റണ്ടും പന്ത്രണ്ടു നിലയിലധികമുള്ള കെട്ടിടത്തിൽ നിന്നും ഡ്യൂപ്പില്ലാതെ ചാടിയ അജിതിന്റെ രംഗങ്ങളുമൊക്കെ നവമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന്റെ കൂടുതൽ ഭാഗവും യൂറോപ്പിലാണു ചിത്രീകരിച്ചത്.

ഹൈദരാബാദ് റാമോജി റാവു ഫിലിംസിറ്റിയിലും ചിത്രീകരണം നടന്നു. നൂറുകോടിയോളം മുടക്കിയാണു ചിത്രം ഒരുക്കുന്നതെന്നാണു സൂചന. കമൽഹാസന്റെ മകൾ അക്ഷര ഹാസനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണു സംഗീത സംവിധാനം. ശിവ, ആദി നാരായണ, കബിലൻ വൈരമുത്തു എന്നിവരാണു തിരക്കഥ ഒരുക്കിയത്. വീരവും വേതാളവും പോലെ ഈ അജിത്–ശിവ ചിത്രവും നൂറുകോടി ക്ലബ്ബിൽ എത്തുമെന്നാണ് ആരാധക പ്രതീക്ഷ. ഓഗസ്റ്റിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണു സൂചന.

തെരി എന്ന വൻഹിറ്റിനുശേഷം ഇളയദളപതി വിജയ്‌യും സംവിധായകൻ ആറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിലാണു വിജയ് വ്യത്യസ്ത ഗൈറ്റപ്പിൽ എത്തുന്നത്. താടിവച്ച് മീശപിരിച്ചാണു വിജയ് ചിത്രത്തിൽ എത്തുന്നത്. 1980 കളിലെ കഥയാണു ചിത്രം പറയുന്നതെന്നാണു സൂചന. ബാഹുബലി സംവിധായകൻ രാജമൗലിയുടെ പിതാവ് കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എ.ആർ.റഹ്മാനാണു സംഗീതം കൈകാര്യം ചെയ്യുന്നത്. സാമന്ത, സൊനാക്ഷി സിൻഹ തുടങ്ങിയവരാകും നായികമാരായി എത്തുക. കഥാപാത്രത്തിനായി താടിയും പിരിച്ച മീശയുമായി പൊതു പരിപാടികളിൽ എത്തിയ വിജയയുടെ ലുക്ക് സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. ആദ്യമായാണു വിജയ് ഇങ്ങനെ ഒരു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്നത്.

‌ഷൂട്ടിങ് ആരംഭിക്കാൻ പോകുന്ന ഗൗതം മേനോൻ ചിത്രം ധ്രൂവനച്ചത്തിരത്തിലെ താടിയും മുടിയും ചെറുതായി നരച്ച വിക്രമിന്റെ വേഷപകർച്ചയും ആരാധകർക്ക് ആവേശമായിട്ടുണ്ട്. ഇതിൽ ഒരു റിട്ട. അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണു വിക്രം എത്തുന്നതെന്നാണ് അറിയുന്നത്. ഹാരിസ് ജയരാജാണു സംഗീതം. ഗൗതംമേനോനാണു തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് നര വിക്രമിനെ കാണാൻ സാധിക്കുന്നത്