ആരാണ് മധന്‍ കര്‍ക്കി?

ബാഹുബലി, ഐ, എന്തിരന്‍, തുപ്പാക്കി, ലിങ്ക, കത്തി ഈ ചിത്രങ്ങളും തമ്മില്‍ ഒരു കണക്ഷനുണ്ട്. ഈ ചിത്രങ്ങളെല്ലാം തെന്നിന്ത്യയില്‍ നൂറുകോടി വാരിക്കൂട്ടിയവയാണ്. എന്നാല്‍ പറഞ്ഞുവരുന്നത് ഈ ചിത്രങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെക്കുറിച്ചാണ്. ഈ ആറുസിനിമകളിലും പല തലങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം.

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്‍റെ മകന്‍ മധന്‍ കര്‍ക്കിയാണ് തമിഴകത്തിന്‍റെ പുത്തന്‍താരം. ആസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്. സോഫ്റ്റ് വയര്‍ എഞ്ചിനിയര്‍, റോബോട്ടിക്സില്‍ പ്രാവീണ്യം, ബഹു ഭാഷാപണ്ഡിതന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിലെല്ലാം മധന്‍ തന്‍റെ കഴിവ് പ്രകടിപ്പിച്ചു കഴിഞ്ഞു.

ശങ്കര്‍ സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ എന്തിരനില്‍ ഇരുന്പിലേ ഒരു ഇദയം എന്ന ഗാനം എഴുതിക്കൊണ്ടാണ് കര്‍ക്കി രംഗത്തെത്തുന്നത്. എന്തിരന്‍റെ സംഭാഷണങ്ങള്‍ എഴുതുന്നതിലും ശങ്കര്‍ കര്‍ക്കിയുടെ സഹായം തേടിയിരുന്നു. തുപ്പാക്കിയിലെ ഗൂഗിള്‍ ഗൂഗിള്‍, കത്തിയിലെ സെല്‍ഫി പുല്ലാ ഈ രണ്ടു ഗാനങ്ങള്‍ എഴുതിയതും കര്‍ക്കി തന്നെ.

ലിങ്കയിലെ ലാറ്റിന്‍ അമേരിക്കന്‍ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ മോനാ ഗാസൊലീന, ഐയിലെ ഐല ഐല എന്നീ ഗാനങ്ങളും കര്‍ക്കിയുടെ സംഭാവനയാണ്.

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയാണ് കര്‍ക്കിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയിലെ കിലികിലി ഭാഷ ഉള്‍പ്പടെ തമിഴ് പതിപ്പിന്‍റെ സംഭാഷണം എഴുതിയിരിക്കുന്നത് മധന്‍ ആണ്.