കാര്‍ത്തി നാഗാര്‍ജുന ചിത്രം തോഴ; മോഷന്‍പോസ്റ്റര്‍ കാണാം

കാര്‍ത്തിയും നാഗാര്‍ജുനയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന തോഴ എന്ന ചിത്രത്തിന്‍റെ മോഷന്‍പോസ്റ്റര്‍ പുറത്തിറങ്ങി. ഫ്രഞ്ച് സിനിമയായ ഇന്‍ടച്ചബിള്‍സിന്‍റെ റീമേയ്ക്ക് ആണ് തോഴ. ശ്രുതി ഹാസനാണ് നായിക. ചിത്രത്തിന് സംഗീതം പകരുന്നത് ഗോപി സുന്ദര്‍ ആണ്.

സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഫ്രഞ്ച് സിനിമയായ ഇന്‍ടച്ചബിള്‍സ്. ഇരുകൈകാലുകളും തളര്‍ന്നു പോയ ഒരു കോടീശ്വരന്റെയും അദ്ദേഹത്തിന്റെ പരിചാരകന്റെയും സ്നേഹബന്ധത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

ഒരു സംഭവകഥയെ ആസ്പദമാക്കിയെടുത്ത ചിത്രം മലയാളത്തിലും ഇതേ പ്രമേയത്തില്‍ തന്നെ യാദൃശ്ചികമായി ഇറങ്ങിയിരുന്നു. ഒളിവര്‍ നക്കാഷെയും എറിക് ടോളെഡാനോയും ചേര്‍ന്ന് ഇന്‍ടച്ചബിള്‍സ് ഒരുക്കിയപ്പോള്‍ അനൂപ് മേനോനും വികെ പ്രകാശും ചേര്‍ന്ന് ഈ കഥ ബ്യൂട്ടിഫുള്‍ എന്ന ചിത്രമാക്കി. അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയ ബ്യൂട്ടിഫുള്‍ മലയാളത്തിലും സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴിലും തെലുങ്കിലും റീമേയ്ക്കിനൊരുങ്ങുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍താരം നാഗാര്‍ജുന രോഗിയായി എത്തുന്ന ചിത്രത്തില്‍ യുവതാരം കാര്‍ത്തി പരിചാരകനായി എത്തും. പിവിപി സിനിമാസ് ആണ് നിര്‍മാണം.