Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസ് പാടി അഭിനയിച്ച പ്രണയഗാനം!

കുര്യൻ തോമസ് കരിമ്പനത്തറയിൽ
കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി
yesudas-kunkumapoovukal-song

കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ

തങ്കക്കിനാവിന്‍ താഴ്‍വരയിൽ

കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ

തങ്കക്കിനാവിന്‍ താഴ്‍വരയിൽ

കുങ്കുമപ്പൂവുകള്‍ പൂത്തു

അരനൂറ്റാണ്ടായി മലയാളികളുടെ തങ്കക്കിനാക്കളുടെ താഴ്‌വരയിൽ  കുങ്കുമപ്പൂവുകളായി പൂത്തുനിൽക്കുന്ന ജനപ്രിയ പ്രണയഗാനം. പ്രണയ ബിംബങ്ങൾക്കും സംഗീതത്തിനുമൊപ്പം ഉഷാകുമാരിയും ദാസേട്ടനും പാടി  അഭിനയിച്ച രംഗങ്ങളും സംഗീതപ്രേമികൾ മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്നു.

1966 ജൂലൈ 29ന്‌ പുറത്തുവന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലേതാണ് യേശുദാസും എസ് ജാനകിയും ചേർന്നു പാടിയ ഈ ഗാനം. രചന പി ഭാസ്ക്കരൻ. സംഗീതം ബി എ ചിദംബരനാഥ്.  ഐതീഹ്യമാലയിലെ കഥയ്ക്ക്‌  ജഗതി എൻ.കെ.ആചാരി സംഭാഷണമെഴുതിയ ചിത്രം നിർമ്മിച്ചതും സംവിധാനം ചെയ്തതും പി.എ.തോമസ്.

കായംകുളം കൊച്ചുണ്ണിക്കുവേണ്ടി പി ഭാസ്കരനും അഭയദേവും രചിച്ചു ചിദംബരനാഥ്‌ ഈണമിട്ട ഏഴുഗാനങ്ങളും ഹിറ്റായി. മലയാളി താളം കൊട്ടി പാടി നടന്ന സുറുമ നല്ല സുറുമ ....,  ആറ്റുവഞ്ചിക്കടവിൽ വച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ ... (യേശുദാസ്), കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ... (ബി വസന്ത), പടച്ചവന്‍ പടച്ചപ്പോൾ മനുഷ്യനെ പടച്ചു ... (കമുകറ പുരുഷോത്തമൻ), വിറവാലന്‍ കുരുവി ... (എസ് ജാനകി) ഇവയാണ് ചിത്രത്തിലെ പി ഭാസ്കരന്റെ  മറ്റു രചനകൾ. ബി വസന്ത പാടിയ പടച്ചോൻറെ കൃപകൊണ്ട്‌ നിന്നെ കിട്ടി പൊന്നിൻ കട്ടി ... എന്ന ഗാനം അഭയദേവ് രചിച്ചതാണ്.

കൊച്ചുണ്ണിയുടെ വേഷത്തില്‍ സത്യനും കാമുകി നബീസയുടെ സഹോദരൻ ഖാദറായി യേശുദാസുമാണ് വെള്ളിത്തിരയിലെത്തിയത്‌. അനാർക്കലി, കാവ്യമേള എന്നിവയ്ക്കുശേഷം യേശുദാസ് പാടുകയും അഭിനയിക്കുകയും ചെയ്ത മൂന്നാമത്‌ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. നബീസയായി ഉഷാകുമാരിയും വാഴപ്പള്ളി ജാനകിയായി സുകുമാരിയും അഭിനയിച്ചു..

മാദകസംഗീതം അരുളിയ മനസ്സാകുന്ന മണിമുരളിയുമായി പ്രണയ സാമ്രാജ്യത്തിൻറെ അരമനവാതിലിൽ കനകത്താൽ തീര്‍ത്ത കളിത്തേരിലേറി വന്നുചേര്‍ന്ന രാജകുമാരൻ...! മുന്തിരിവീഴുന്ന വനിയിൽ, പ്രേമപഞ്ചമി രാത്രിയിൽ മധുരപ്രതീക്ഷകളുടെ മാണിക്യക്കടവിൽ, കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയിലേറി വന്നു ചേര്‍ന്ന രാജകുമാരി ...!! പി ഭാസ്കരൻ കാൽപ്പനിക ബിംബങ്ങളാൽ തങ്കക്കിനാവിൻറെ താഴ്വരയിൽ തീർക്കുന്ന കുങ്കുമപ്പൂവുകളുടെ പ്രണയപൂക്കാലം ...!!!

മാനസമാം മണിമുരളി - ഇന്ന്

മാദകസംഗീതമരുളി... ആ... (2)

പ്രണയസാമ്രാജ്യത്തിന്‍ അരമന തന്നിൽ ...(2)

കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി

രാജകുമാരന്‍ വന്നുചേര്‍ന്നു.... (കുങ്കുമപ്പൂവുകള്‍ പൂത്തു)

മുന്തിരിവീഴുന്ന വനിയില്‍ - പ്രേമ

പഞ്ചമി രാത്രിയണഞ്ഞു ...(2)

മധുരപ്രതീക്ഷ തന്‍ മാണിക്യക്കടവിൽ ...(2)

കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി

രാജകുമാരീ വന്നു ചേര്‍ന്നു... (കുങ്കുമപ്പൂവുകള്‍ പൂത്തു)

പതിവ് തമിഴ് ഹിന്ദി അനുകരണ ഗാനരീതികളിൽനിന്ന് കുതറിമാറി ഇരുപത്തിയൊന്നാം വയസ്സില്‍ വെള്ളിനക്ഷത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംവിധായകനാണു വയലിനിസ്റ്റും ഗായകനുമായ ചിദംബര നാഥ്‌. യമുനാ കല്യാണി രാഗത്തിലാണ് ചിദംബരനാഥ് ഗാനം ചിട്ടപ്പെടുത്തിയത്. ആ വർഷം (1966) പുറത്തുവന്ന വയലാർ -ബാബുരാജ് ടീമിൻറെ നദികളില്‍ സുന്ദരി യമുനാ... (അനാര്‍ക്കലി,  യേശുദാസ്, ബി വസന്ത) എന്ന ഗാനത്തിൻറെ അതേ രാഗം. പി ഭാസ്കരൻ ചിദംബരനാഥ് ടീമിന്റെ ഗാനങ്ങൾ അക്കാലത്തെ വയലാർ-ദേവരാജൻ ഗാനങ്ങൾ പോലെയോ ഭാസ്കരൻ-ബാബുരാജ് ഗാനങ്ങൾ പോലെയോ ആണ് ജനങ്ങൾ സ്വീകരിച്ചത്.

ചെന്നൈയിൽ എ വി എം സ്റ്റുഡിയോയിൽ റിക്കോർഡിങ്ങിന് എത്തിയപ്പോൾ  കേൾക്കാനിടയായ ആ മലയാള ഗാനത്തിൻറെ ഈണം മഹാനായ സംഗീത സംവിധായകൻ നൗഷാദിനെപ്പോലും അതിശയിപ്പിച്ച കഥ ഇനിയും ആവർത്തിക്കുന്നില്ല.

അരനൂറ്റാണ്ടായി മലയാളി വിരഹത്തിലും സ്വപ്നത്തിലും പ്രണയത്തിലും പ്രാർത്ഥനയിലും കൂടെ കൊണ്ടുനടക്കുന്ന പ്രിയപ്പെട്ട പാട്ടുകൾക്കിടയിൽ  പി ഭാസ്ക്കരൻ എഴുതി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ഏതാനും പാട്ടുകളും ഉണ്ടാവും. കുന്നിന്മേലെ നീയെനിക്കു ... (രാജമല്ലി, 1965,  എസ് ജാനകി) മുറപ്പെണ്ണ് (1965 ) എന്ന ചിത്രത്തിലെ  കരയുന്നോ പുഴ ചിരിക്കുന്നോ... , കടവത്ത് തോണി അടുത്തപ്പോൾ പെണ്ണിന്നു ... (യേശുദാസ്, എസ്  ജാനകി), കല്പന തന്‍ അളകാപുരിയിൽ (സ്റ്റേഷന്‍ മാസ്റ്റർ, 1966, യേശുദാസ്,  ബി വസന്ത), പകൽക്കിനാവ് (1966) എന്ന സിനിമയിലെ കാക്കയ്ക്കും പൂച്ചക്കും കല്യാണം... (യേശുദാസ്), നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ... (എസ്. ജാനകി), പകൽക്കിനാവിൻ സുന്ദരമാകും... (യേശുദാസ്), കേശാദിപാദം തൊഴുന്നേൻ .. (എസ്. ജാനകി), ചെകുത്താൻറെ കോട്ട (1967)യിലെ ഒരു മലയുടെ താഴ്‌വരയിൽ  ... ഇവയൊക്കെ ആ സംഗീത കൂട്ടുകെട്ടു തീർത്ത സൂപ്പർ ഹിറ്റുകൾ. വൈവിധ്യവും ലാളിത്യവുമാണ് ഈ  ഗാനങ്ങളുടെയെല്ലാം തനിമ.

ഈ ഗാനം കുങ്കുമപ്പൂവുകളായി പൂത്തു നില്‍ക്കുന്നത്‌ ഒരു തലമുറയുടെ പ്രണയസാമ്രാജ്യത്തിന്റെ താഴ്‌വരയിലാണ്‌. പി ഭാസ്‌കരന്റെ തനതു ഗ്രാമീണ ശൈലിയും സാ ധാരണക്കാരന്‌ ഗ്രഹിക്കാവുന്ന ബിംബകല്പ്പനകളും, കഥാപശ്ചാത്തലവുമായി ഇഴചേര്ന്നു നില്ക്കുന്ന ചിദംബരനാഥിന്റെ കരുത്തുറ്റ സംഗീതവുമാണ് ഈ ഗാനത്തെ ഇന്നും ജനപ്രിയമാക്കുന്നത്. മലയാളിയുടെ അനശ്വര ഗാനങ്ങളുടെ അപൂർവ ശേഖരത്തിലെ സദാ പാടിക്കൊണ്ടിരിക്കുന്ന പ്രണയവീണയാണ് ഈ ഗാനവും.

ഗാനരചന: പി ഭാസ്ക്കരൻ

സംഗീതം:ബി എ ചിദംബരനാഥ്‌

ആലാപനം: യേശുദാസ്, എസ് ജാനകി

സിനിമ: കായംകുളം കൊച്ചുണ്ണി (1966)

ചലച്ചിത്ര സംവിധാനം: പി എ തോമസ്