Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവീനോ തോമസ് അഭിനയിച്ചിട്ടില്ല: ഔസേപ്പച്ചൻ

tovino-ousepachan

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രമാണ് 'ഒരു കുപ്രസിദ്ധ പയ്യൻ'. എന്നാൽ ഈ ചിത്രത്തില്‍ ടോവിനോ തോമസ് അഭിനയിച്ചിട്ടില്ലെന്നാണു പുതിയ കണ്ടെത്തൽ. ഇക്കാര്യം പറഞ്ഞത് മറ്റാരുമല്ല, ചിത്രത്തിന്റെ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്.

കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ടോവിനോയെ പറ്റി ഔസേപ്പച്ചന്റെ നർമത്തിൽ കുതിർന്ന പരാമർശം. ബാക്കി എല്ലാവരും ഈ ചിത്രത്തിൽ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ടൊവീനോ തോമസ് അഭിനയിച്ചിട്ടില്ല. കാരണം അദ്ദേഹം ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് ഔസേപ്പച്ചൻ പറഞ്ഞു. 

ഔസേപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ: 'ആദ്യം ചിത്രത്തിന്റെ സംവിധായകനെ കുറിച്ച് രണ്ടുവാക്കു പറയാം. ഞാൻ ആദ്യമായാണ് അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യുന്നത്. എല്ലാവർക്കും അനുകരിക്കാവുന്ന ഒരു പ്രത്യേകത അദ്ദേഹത്തിനുണ്ട്. ഒരു കാര്യവും അദ്ദേഹം നമ്മോട് നിർബന്ധിക്കാറില്ല. പക്ഷേ, അദ്ദേഹത്തിനു എന്താണു വേണ്ടത് അത് അദ്ദേഹം നമ്മുടെ പുറത്തു തട്ടിക്കൊണ്ടു നമ്മളിൽ നിന്നും വാങ്ങി എടുക്കും. ടോവിനോ ഒഴികെ അഭിനയിച്ചിരിക്കുന്ന എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്തിട്ടുണ്ട്. കാരണം ടോവീനോ ഈ പടത്തിൽ അഭിനയിച്ചിട്ടില്ല. അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.'

ടൊവീനോ തോമസ് നായകനാകുന്ന ഒരു ചിത്രത്തിൽ പാട്ട് എഴുതുക എന്നത് ഭാഗ്യമായി കരുതുന്നു എന്നു ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി പറഞ്ഞു.  മധുപാൽ ആണ് ചിത്രത്തിന്റെ സംവിധാനം. നവംബർ ഒൻപതിന് ഒരു കുപ്രസിദ്ധ പയ്യൻ തീയറ്ററുകളിലെത്തും.